കുറ്റിപ്പുറം: സിഎഎയെ അനുകൂലിച്ചതിന് കുടിവെള്ളം നിഷേധിച്ചെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച് നാണംകെട്ടിട്ടും സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കുറ്റിപ്പുറം ചെറുകുന്ന് പട്ടികജാതി കോളനിവാസികളോട് രാഷ്ട്രീയ പാർട്ടികൾ നീതിനിഷേധമാണ് കാണിച്ചതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ജനങ്ങൾക്ക് കുടിവെള്ളം മുടക്കിയെന്ന തെറ്റായ വാർത്ത പ്രചരിച്ചതിന് പിന്നാലെ ചെറുകുന്ന് കോളനിവാസികളെ സന്ദർശിക്കവെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
അവഗണിക്കപ്പെട്ട സമൂഹത്തിന് കുടിവെള്ളമെത്തിച്ചവർക്കെതിരെയും അതിനെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച എംപിക്കെതിരെയും കേസെടുത്ത പോലീസ്, കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്മാർക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നു. ഈ പ്രശ്നത്തെ വളച്ചൊടിക്കാനാണ് സർക്കാറും ശ്രമിക്കുന്നത്. കുറച്ച് ദിവസങ്ങളായി മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളിൽ താലിബാൻ മോഡൽ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ തെറ്റായ പ്രചാരണത്തിന് കൊടിപിടിച്ചതിന് ബിജെപി എംപി ശോഭ രന്തലജെയ്ക്ക് എതിരെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രൻ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ കുറ്റിപ്പുറം പോലീസ് എംപിക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Discussion about this post