കണ്ണൂർ: അനിയനേയും കൂട്ടുകാരനേയും പുഴയിൽ നിന്നും രക്ഷിക്കുന്നതിനിടെ ചെളിയിലാണ്ടുപോയി ജീവൻ വെടിഞ്ഞ ഫിറോസിന് രാഷ്ട്രപതിയുടെ പുരസ്‌കാരം. രണ്ടു ജീവനുകൾ രക്ഷിച്ചെങ്കിലും പുഴയിലെ ആഴങ്ങളിലേക്ക് മറഞ്ഞ ഫിറോസെന്ന കൗമാരക്കാരന് ഉന്നത ജീവൻരക്ഷാ പുരസ്‌കാരമായ സർവോത്തം ജീവൻ രക്ഷാ പതക് നൽകിയാണ് രാജ്യം ആദരിച്ചിരിക്കുന്നത്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.
2018 ജൂലായ് അഞ്ചിന് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ അരങ്ങേറുന്നതിനിടെയാണ് കണ്ണൂർ ഫുട്‌ബോളിനെ എന്നും നെഞ്ചോട് ചേർത്ത ഫിറോസ് നാടിനെയാകെ കണ്ണീരിലാഴ്ത്തി മരണത്തിലേക്ക് നടന്നുപോയത്. ആദികടലായിക്ക് സമീപം കാനാമ്പുഴയിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഫിറോസിന്റെ അനുജൻ എട്ടാംക്ലാസുകാരനായ ഫഹദും കൂട്ടുകാരൻ മുഫാസും പുഴയിൽവീഴുകയായിരുന്നു. ഇവരെ കരയ്ക്ക് കയറ്റുന്നതിനിടെ ഫിറോസ് ചെളിയിൽ മുങ്ങിത്താഴ്ന്നാണ് അപകടമുണ്ടായത്.
തെരച്ചിലിനൊടുവിൽ പുഴയിൽനിന്ന് കണ്ടെത്തുമ്പോൾ ഫിറോസ് അബോധാവസ്ഥയിലായിരുന്നു. ആന്തരികാവയവങ്ങളിൽ ചെളിവെള്ളം കയറിയതിനാൽ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പ്രാർത്ഥനകളും കണ്ണീരും വിഫലമാക്കി നാലുദിവസത്തിനുശേഷം ഫിറോസ് വിടപറഞ്ഞു.
ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നതിനിടെയായിരുന്നു ഫിറോസ് അപകടത്തിൽപ്പെട്ടത്. തന്റെ ഇഷ്ട ടീമായ ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചതും കപ്പടിച്ചതും കാണാൻ ഭാഗ്യമില്ലാതെയാഇ് ഫിറോസ് യാത്രയായത്. അപകടത്തിൽ ഫിറോസിന്റെ സഹോദരനും കൂട്ടുകാരനും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടിരുന്നു.
Discussion about this post