കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദു പോലീസിനെ നിയോഗിക്കണമെന്ന കത്ത് നൽകി വിവാദത്തിലായി കൊച്ചിൻ ദേവസ്വം ബോർഡ്. എന്നാൽ പോലീസ് അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചതോടെ ഈ നിർദേശം ഒഴിവാക്കി പുതിയ കത്ത് നൽകിയിരിക്കുകയാണ് ദേവസ്വംബോർഡ്. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാരെ നിയോഗിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ കത്ത്.
ഫെബ്രുവരി എട്ടിന് നടക്കുന്ന ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്ക്ക് ക്രമസമാധാന പാലനത്തിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനുമായി പോലീസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതർ കത്ത് നൽകിയത്.
ഇതോടെ സേനയെ ജാതി, മതാടിസ്ഥാനത്തിൽ വേർതിരിക്കരുതെന്നും ദേവാലയങ്ങളിൽ ഇത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടാവാതെ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കാണിച്ച് പോലീസ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് അപേക്ഷ പിൻവലിച്ച് പുതിയ അപേക്ഷ നൽകുകയായിരുന്നു. ഇതിൽ ഹിന്ദു പോലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, സാധാരണയായി ഈ രീതിയിലാണ് കത്ത് നൽകുന്നതെന്നാണ് കൊച്ചി ദേവസ്വം ബോർഡിന്റെ തൃപ്പൂണിത്തുറ അസിസ്റ്റന്റ് കമ്മീഷണർ വീശദീകരണം നൽകിയിരിക്കുന്നത്.
Discussion about this post