കാന്‍സറെന്ന വില്ലനെ തോല്‍പ്പിച്ച് ജീവിതയാത്ര തുടരുന്ന നിരവധി പേരുടെ കഥകള്‍ സോഷ്യല്‍ മീഡിയയിയല്‍ നിറയുകയാണ്. ഒരു കാലത്ത് പേടിയോടെ കണ്ടിരുന്ന കാന്‍സറിനെ ഇന്ന് പലരും ചിരിച്ച് തള്ളുകയാണ്. ഇതിന്റെ കാരണം മറ്റൊന്നുമല്ല, ഭയന്ന് നില്‍ക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പലരും പഠിച്ച് കഴിഞ്ഞു. ഇതിന് മറ്റൊരു ഉദാഹരണം കൂടിയാണ് നീതുവും വേദ്കിരണും. ഇന്ന് അവരുടെ ഒന്നാം വിവാഹവാര്‍ഷികമാണ്. കാന്‍സറിനെ അതിജീവിച്ച് വിവാഹിതയായ നീതുവിനും ഭര്‍ത്താവ് വേദ്കിരണിനും ആശംസകളുമായി എത്തിയിരിക്കുകയാണ് നന്ദു മഹാദേവ.
ഈ വിവാഹ വാര്‍ഷികം ഒക്കെയാണ് നമ്മള് ആഘോഷിക്കേണ്ടത്. ഇതൊരപൂര്‍വ കഥയാണ്. കാന്‍സറിനെ തോല്‍പ്പിച്ചു വിവാഹിതരായ നക്ഷത്രക്കണ്ണുള്ള രാജകുമാരിയുടെയും രാജകുമാരന്റെയും കഥ. ഇത് നീതു വേദ്കിരണ്‍. അതിജീവനം കുടുംബത്തിലെ രാജകുമാരി.
യൗവനകാലത് പിടികൂടിയ കാന്‍സറിനെ കീമോ കൊണ്ടും റേഡിയേഷന് കൊണ്ടും പൊരുതി തോല്പിച്ചവള് എല്ലാം കഴിഞ്ഞു ജോലിക്ക് കയറിയപ്പോഴാണ് കല്യാണം കഴിക്കാന്‍ മാട്രിമോണിയല്‍ കോളത്തില്‍ റജിസ്റ്റര്‍ ചെയ്തത്. അവിടെയും അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു താന്‍ ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണെന്ന്. കള്ളം പറഞ്ഞ് ഒന്നും നേടരുത് എന്നു ചിന്തിച്ചു കൊണ്ടുതന്നെയായിരുന്നു അത്.
അവളെപ്പോലും അദ്ഭുതപ്പെടുത്തി ഒരു പാട് ആലോചനകള്‍ വന്നു. അപ്പോഴും അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്. അങ്ങനെ ചിന്തിക്കുന്ന സമയത്താണ് വേദ്കിരണും കുടുംബവും വീട്ടിലെത്തുന്നത്. സംസാരിച്ചപ്പോള്‍ ഒരു സാധാരണ കുട്ടിയെ പോലെ തന്നെ കാണാന്‍ ആ കുടുംബത്തിലെ എല്ലാവര്ക്കും കഴിയും എന്ന വിശ്വാസത്തോടെ രണ്ടുപേരും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
ഇപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉള്ള ഫോളോഅപ്പ് മാത്രം. സന്തോഷത്തോടെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോള്‍ സത്യത്തില്‍ കാന്‍സര്‍ എന്ന രോഗം തോറ്റു തുന്നം പാടിയത് കാണുമ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷം.
ഒരായിരം പേര്‍ക്ക് ആത്മവിശ്വാസം നല്കാന് ഇവരുടെ രണ്ടാളുടെയും മുഖത്ത് കാണുന്ന ആ ചിരി മതി. എല്ലാത്തിനെയും തോല്പിച്ച് ഇവളെ ചേര്‍ത്തു പിടിക്കാന്‍ മനസ്സ് കാണിച്ച വേദിനൊരു സല്യൂട്ട്. മരുന്നിനെക്കാളും ഗുണം ചെയ്യും ഇതുപോലുള്ള ചേര്‍ത്ത് പിടിക്കലുകള്‍. കൂട്ടിനു ഞാനുണ്ട് അല്ലേല്‍ ഞങ്ങളുണ്ട് എന്ന വാക്കുകള്‍. ഒരുപാട് കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിതം ഇങ്ങനെ ചേര്‍ത്ത് പിടിച്ചു മുന്നോട്ടു പോകാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ.
രണ്ടാള്‍ക്കും അതിജീവനം കുടുംബത്തിന്റെ മംഗളാശംസകള്‍. പ്രിയമുള്ളവരുടെ ആശംസകളും പ്രാര്‍ത്ഥനകളും ഒപ്പമുണ്ടാകണം.
Discussion about this post