മലപ്പുറം: കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെക്കെതിരെ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി കെ സുരേന്ദ്രന്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചാണ് കെ സുരേന്ദ്രന് രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച ദളിത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ച മതഭ്രാന്തന്‍മാര്‍ക്കെതിരെയാണ് മിസ്റ്റര്‍ പിണറായി വിജയന് കേസ്സെടുക്കേണ്ടത്. അല്ലാതെ അതു ചൂണ്ടിക്കാണിച്ച ശോഭാ കരന്തലജെ എം. പി. ക്കെതിരെയല്ല. ഈ മനുഷ്യത്വരഹിതമായ നടപടി പുറംലോകം അറിഞ്ഞതിലുള്ള ജാള്യതയാണ് പിണറായിക്കും അദ്ദേഹത്തിന്റെ പൊലീസിനും.- കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയ കര്‍ണാടക ബിജെപി എംപി ശോഭ കരന്തലജെക്കെതിരെ നേരത്തെ കേരളാ പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 അ വകുപ്പ് പ്രകാരമാണ് കേരളപോലീസ് ശോഭ കരന്തലജെക്കെതിരെ കേസെടുത്തിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദുകുടുംബത്തിന് കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. ചിത്രസഹിതമുള്ള ട്വീറ്റില്‍ കേരളം മറ്റൊരു കാശ്മീരാകാനുള്ള കാല്‍വെപ്പ് നടത്തിയെന്നും കുറിച്ചിരുന്നു.
ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സമാധാനപരമായ’ അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്ലജെ ചോദിച്ചു. ശോഭയുടെ പോസ്റ്റിനെതിരെ സുപ്രീംകോടതി അഭിഭാഷകന് സുഭാഷ് ചന്ദ്രന് കെ.ആര്, മലപ്പുറം പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
Discussion about this post