കണ്ണൂർ: കണ്ണൂരിൽ സ്‌ഫോടക വസ്തുക്കൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചാലക്കുന്നിലാണ് സംഭവം. കണ്ണൂർ കോർപ്പറേഷൻറെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കൾക്ക് നൂറ് കിലോയിൽ അധികം തൂക്കം ഉണ്ടെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഫോടകങ്ങൾ കണ്ടെത്തിയത്. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബർണറിലും കെട്ടിടത്തിലും ചാക്കിൽകെട്ടിയാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
ചാക്കുകളിൽ നിന്നും സ്ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കൾ പടക്കനിർമ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.