കൊച്ചി: കലൂർ പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ വിഎച്ച്പി, ബിജെപി പ്രവർത്തകരായ സ്ത്രീകൾക്കെതിരെ കേസെടുത്തു. ഇന്നലെയാണ് തിരുവനന്തപുരം പേയാട് സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഇതിനു പിന്നാലെ സംഘംചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. നോർത്ത് പോലീസാണ് കേസെടുത്തത്.
പാവക്കുളം ക്ഷേത്രത്തിൽ വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തിൽ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഈ പരിപാടി മത വിദ്വേഷം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലടക്കം വൈറലായിരുന്നു. പരിപാടിക്ക് എതിരെ പ്രതിഷേധിച്ചതിന് യുവതിക്ക് എതിരേയും പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതിയിൽ സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങൾ സംസാരിച്ചത് വീഡിയോയിൽ വ്യക്തമായിരുന്നു. പെൺമക്കളെ കാക്ക കൊത്താതിരിക്കാനാണ് താൻ നെറ്റിയിൽ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും യുവതിയോട് ഒരു സ്ത്രീ പറയുന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.