ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടലേടുത്ത വെള്ളാപ്പള്ളി-സുഭാഷ് വാസു പോര് മുറുകുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളജിന്റെ പേര് എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു മാറ്റി .
കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങ്ങിന് മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പുനര്‍നാമകരണം ചെയ്തു. കൂടാതെ വെള്ളാപ്പള്ളിക്ക് എതിരെ സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഗോകുലം ഗോപാലനെ കോളജിന്റെ ചെയര്‍മാനാക്കി. അഞ്ച് കോടിയോളം രൂപയാണ് ഗോകുലം ഗോപാലന്‍ കോളജിന്റെ ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളജിന്റെ ചെയര്‍മാന്‍. കൂടാതെ തുഷാര്‍ വെള്ളാപ്പള്ളിയെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റി. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് കോളജിന്റേത്.
കോളജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്ന് നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാറിനെ മാറ്റിയത്. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു. മൈക്രോ ഫിനാന്‍സ് എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട വിഷയമാണ്. അവിടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടാണ് സുഭാഷ് വാസു നടത്തിയത്. ബാങ്കില്‍ നിന്ന് തന്റെ പേരില്‍ കള്ള ഒപ്പിട്ട അഞ്ച് കോടി രൂപ വായ്പയെടുത്തു. അദ്ദേഹത്തിനെതിരായ നിയമപോരാട്ടം നടക്കുകയാണെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം.
Discussion about this post