തിരുവനന്തപുരം; കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്ത് നിന്ന് മണ്ണ് കടത്തുന്നത് തടഞ്ഞ ഭൂവുടമയെ അടിച്ചു കൊന്ന കേസില്‍ പ്രതി പോലീസില്‍ കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ജെസിബി പ്രവര്‍ത്തിപ്പിച്ചത് ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലയ്ക്കടിച്ചത് ഇയാളാണെന്നതിന് ഉറപ്പില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജുവിന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ജെസിബി ഡ്രൈവര്‍ തന്നെയാണ് സജു. വനംവകുപ്പുദ്യോഗസ്ഥന് എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍, ഉത്തമന് എന്ന ടിപ്പര്‍ ലോറിയുടമ എന്നിവര്‍ക്ക് വേണ്ടിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ സംഘം പിന്നീട് ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഗീത് ചോദ്യം ചെയ്ത് സ്ഥലത്തെത്തിയത്. മണ്ണെടുപ്പ് ചോദ്യം ചെയുന്നതിനിടെ നാട്ടുക്കാരും എത്തിയതോടെ പ്രശ്നമെല്ലാം പരിഹരിച്ച് എല്ലാവരും പിരിഞ്ഞ് പോയിരുന്നു. പിന്നീട് വണ്ടിയുടെ ശ്ബദം കേട്ടാണ് സംഗീത് വീട്ടില്‍ നിന്നും വീണ്ടും ഇറങ്ങി വന്നത്. ഇതിനിടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് പരിക്കേറ്റ സംഗീതിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Discussion about this post