കുമ്പള: കാണാതായതിന് പിന്നാലെ രണ്ടുദിവസത്തിനു ശേഷം കാസർകോട് കുമ്പള ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ രൂപശ്രീയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ സഹപ്രവർത്തകൻ കൊലപ്പെടുത്തി കടലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ പോലീസ് ഇതേസ്കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണയെ കസ്റ്റഡിയിലെടുത്തു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ സംശയമില്ലാതിരിക്കാനാണ് മൃതദേഹം കടലിൽ ഉപേക്ഷിച്ചതെന്നാണ് സൂചന. ഇയാളുടെ കാറിൽ നിന്നും ലഭിച്ച മുടിയാണ് കേസന്വേഷണത്തിൽ തെളിവായത്. വെങ്കിട്ടരമണയും രൂപശ്രീയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും ഇതിനിടയിൽ രൂപശ്രീയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
കടപ്പുറത്ത് നിന്നും മൃതദേഹം കണ്ടെത്തുമ്പോൾ മുടി മുറിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. ഇയാൾ രൂപശ്രീയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും ഭീഷണി മുഴക്കിയിരുന്നു എന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ അന്വേഷണം നടത്തിയ ക്രൈബ്രാഞ്ച് ഒടുവിൽ ദുരൂഹത നീക്കിയിരിക്കുകയാണ്.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സഹപ്രവർത്തകനായ വെങ്കിട്ട രമണയായിരിക്കുമെന്ന് രൂപശ്രീ മകനോടും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രൂപശ്രീയെ കാണാതായത്. ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച് മാറ്റിയ നിലയിൽ കുമ്പള പെർവാട് കടപ്പുറത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെ അധ്യാപികയുടെ മരണത്തിന് പിന്നിൽ സഹപ്രവർത്തകനായ ഒരു അധ്യാപകനാണെന്ന് കുടുംബം സംശയം ഉന്നയിച്ചിരുന്നു. ലോക്കൽ പോലീസിൽ നിന്നും കേസെറ്റെടുത്ത ജില്ലാ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഒടുവിൽ കേസ് തെളിയിച്ചിരിക്കുന്നത്.
അധ്യാപികയെ സഹപ്രവർത്തകൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാൽ സഹപ്രവർത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകൻ കൃതികിന്റെ മൊഴി.
അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവർത്തകനായ ആരോപണവിധേയനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് പോലീസിന് സംശയമുയർന്ന്. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇയാളിൽ നിന്ന് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. എന്നാൽ ഇത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഇപ്പോൾ സംശയം.
അധ്യാപികയായ രൂപശ്രീയെ ജനുവരി പതിനാറിനാണ് കാണാതായത്. തുടർന്ന് രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post