പാലക്കാട്: ഇനി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമടയ്കാന്‍ അക്കൗണ്ട് ഉടമയുടെ അനുമതി വേണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പേ ഇന്‍ സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പുകൂടി ഉണ്ടെങ്കില്‍ മാത്രമേ തുക സ്വീകരിക്കാവൂ എന്ന കര്‍ശന നിര്‍ദേശം ദേശസാത്കൃത ബാങ്കായ എസ്ബിഐ നടപ്പാക്കി.
മറ്റ് ബാങ്കുകളും വൈകാതെ ഉത്തരവ് നടപ്പാക്കുമെന്ന് സൂചനയുണ്ട്. ചെറിയ നിക്ഷേപങ്ങള്‍ക്ക് പോലും നിയന്ത്രണം വന്നതോടെ ഇതര സംസ്ഥാനങ്ങളിലും മറ്റും പഠിക്കുന്ന മക്കള്‍ക്കും ദൂരെയുള്ള മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം പണമയക്കാന്‍ ബാങ്കിലെത്തുന്നവര്‍ ബുദ്ധിമുട്ടിലാവുകയാണ്. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായാണ് ആര്‍ബിഐയുടെ പുതിയ നിയന്ത്രണം. അതേ ബ്രാഞ്ചില്‍ അക്കൗണ്ടുള്ള ആളാണ് നിക്ഷേപകനെങ്കില്‍ തുക കൈമാറാന്‍ തടസ്സങ്ങളില്ല.
തുകയടയ്ക്കാന്‍ പേ ഇന്‍ സ്‌ളിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ് വേണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമായി വരുന്നവരിലധികവും ദൂരെയുള്ളവരായതിനാല്‍ ഇവരില്‍ നിന്ന് ഒപ്പ് വാങ്ങിയശേഷം തുക നിക്ഷേപിക്കാനാവില്ല. ചികിത്സാ സഹായം, പഠനസഹായം തുടങ്ങിയവയ്ക്കായുള്ള നിക്ഷേപങ്ങള്‍ക്കാവും നിയന്ത്രണം കൂടുതല്‍ തടസ്സമായി മാറുക.
മാനുഷിക പരിഗണന നല്‍കേണ്ട നിക്ഷേപങ്ങള്‍ അനുവദിക്കുന്നതില്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആര്‍ബിഐ ഉത്തരവില്‍ ഇതിന് വ്യവസ്ഥയില്ല.
തുക നിക്ഷേപിക്കുന്ന ആളെ തിരിച്ചറിയുന്നതോടൊപ്പം സ്വീകരിക്കുന്ന ആളുടെ അനുമതിയും വേണമെന്ന കെവൈസി പദ്ധതിയുടെ ഭാഗമാണ് നിയന്ത്രണമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. നിക്ഷേപകന് തുക സ്വന്തം അക്കൗണ്ടില്‍ അടച്ച് കൈമാറാനുള്ള സൗകര്യമുണ്ടെന്നും അധികൃതര്‍ പറയുന്നു. കാഷ് ഡെപ്പോസിറ്റ് യന്ത്രങ്ങളിലും വൈകാതെ നിയന്ത്രണം എത്തിയേക്കുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.