ആലപ്പുഴ: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ട് പേരും ആരോ തയ്യാറാക്കിയ മനുഷ്യബോംബുകളാണെന്നും, സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരോ തയ്യാറാക്കി വിട്ട മനുഷ്യബോംബുകളാണ് സെന്‍കുമാറും സുഭാഷ് വാസുവും. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സെന്‍കുമാര്‍ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്റെ പേരില്‍ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതില്‍ സന്തോഷമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോളേജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. കോടതി വഴിയാണ് അതിന് നോട്ടീസ് നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളിയും ഇരുവര്‍ക്കുമെതിരെ രംഗത്ത് വന്നിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്നും മക്കളുടെ കല്യാണം നടത്തുന്നതിനായി മാത്രം എസ്എന്‍ഡിപി അംഗത്വമെടുത്തയാളാണ് സെന്‍കുമാറെന്നുമായിരുന്നു തുഷാറിന്റെ വിമര്‍ശനം. സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രൂക്ഷവിമര്‍ശനം.
Discussion about this post