കോഴിക്കോട്: സഹകരണവും സഹായവും ഉള്ളവരാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ന്മാര്‍. ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ഈ വാര്‍ത്ത. മാധ്യമപ്രവര്‍ത്തകന്‍ കെപി ഷൗക്കത്തലിലാണ് വാര്‍ത്ത പങ്കുവെച്ചത്. തന്റെ ഭാര്യയുടെ വിലപ്പെട്ട നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് എത്തിച്ച്‌കൊടുത്തിരിക്കുകയാണ് കോഴിക്കോട്ടെ ഈ ഓട്ടോക്കാരന്‍. അദ്ദേഹത്തിന് നന്ദി അറിയിച്ച് കൊണ്ടാണ് ഷൗക്കത്തലി വാര്‍ത്ത പങ്കുവെച്ചത്.
ഇന്നലെ കെടെറ്റ് പരീക്ഷയുടെ വെരിഫിക്കേഷന് വേണ്ടി കോഴിക്കോട് ഡിഡിഇ ഓഫീസില്‍ ഭാര്യ ജസ്നക്കൊപ്പമെത്തിയതായിരുന്നു ഷൗക്കത്ത്. ഓട്ടോയില്‍ നിന്നിറങ്ങി ഓഫീസിലെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് ഓട്ടോയില്‍വെച്ച് മറന്ന കാര്യം അറിയുന്നത്. ഇതോടെ ഭാര്യവിഷമത്തിലായെന്നും കരച്ചിലിന്റെ വക്കിലെത്തിയെന്നും ഷൗക്കത്ത് പറയുന്നു.
ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ച് തിരികെയെത്തിയപ്പോള്‍ കയറിയ ഓവ്യക്തമാക്കുട്ടോ ഡ്രൈവര്‍ സഹീര്‍ തന്നെയും ഭാര്യയെയും കാത്ത് ഡിഡിഇ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ഓട്ടോക്കാരുടെ സ്നേഹം നേരിട്ടനുഭവിച്ചുവെന്നും സഹീറിന് ഏറെ നന്ദിയുണ്ടെന്നും ഷൗക്കത്ത് കുറിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
പ്രിയപ്പെട്ട സഹീര് താങ്കള് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയുടെ പ്രതീകമാണ്.പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്.താങ്കളുടെ മനസ്സിന്റെ നന്മകൊണ്ട് മാത്രമാണ് വലിയൊരു സങ്കടം ഞങ്ങള്ക്ക് സന്തോഷമായി മാറിയത്.കെ-ടെറ്റ് പരീക്ഷയുടെ വെരിഫിക്കേഷനുവേണ്ടി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസില് വന്ന ഭാര്യയുടെ എസ്.എസ്.എല്.സി മുതല് ബി.എഡ്. വരെയുള്ള മുഴുവന് സര്ട്ടിഫിക്കറ്റുകളും ഓഫീസിലേക്കുള്ള യാത്രയില് സഹീറിന്റെ ഓട്ടോയില് മറന്നുപോവുകയായിരുന്നു. ഓട്ടോയില് നിന്നിറങ്ങി അല്പം കഴിഞ്ഞാണ് സര്ട്ടിഫിക്കറ്റ് മറന്നുപോയത് അറിയുന്നത്.
കെ.പി.കേശവ മേനോന് റോഡില് തലങ്ങും വിലങ്ങും ഓട്ടോറിക്ഷകള് പോവുന്നതിനാല് ഏതാണെന്ന് തിരിച്ചറിയാനുള്ള മാര്ഗ്ഗം പോലുമില്ലായിരുന്നു.പൈസ പോയാല് എന്തും ചെയ്യാം. എങ്ങിനെ ഇത്രയും സര്ട്ടിഫിക്കറ്റുകളും മാര്ക്ക് ലിസ്റ്റുകളുമെല്ലാം സംഘടിപ്പിക്കുമെന്നതായിരുന്നു ഏറ്റവും വലിയ ആധി. എന്ത് ചെയ്യുമെന്ന് ഭാര്യ ആശങ്കപ്പെടുമ്പോഴും കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരാണ് തിരികെ കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. റോഡരികില് ആകെ വിഷമിച്ച് നില്ക്കുന്നത് കണ്ട് അതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറോട് കാര്യം പറഞ്ഞപ്പോള് അദ്ദേഹവും ഉടന് എന്റെ നമ്പറും വിവരങ്ങളും വാങ്ങി ഓട്ടോത്തൊഴിലാളികളുടെ വാട്സാപ്പിലേക്ക് കൈമാറി. ഓട്ടോത്തൊഴിലാളി യൂണിയന് നേതാവ് നൗഷാദിനെ വിളിച്ച് കാര്യം പറഞ്ഞപ്പോള് അദ്ദേഹവും പറഞ്ഞു നമുക്ക് കണ്ടെത്താമെന്ന്. വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അദ്ദേഹവും വിവരങ്ങള് കൈമാറി.
ടൗണ് സ്റ്റേഷനില് സംഭവം പറയാന് എത്തിയപ്പോള് അവിടുത്തെ ഒരു പോലീസുകാരന് ഒരു വെള്ളക്കടലാസില് വിവരങ്ങളും ഫോണ് നമ്പറും എഴുതി വാങ്ങി ഫോട്ടോയെടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളിലിട്ടു. പരിസരത്തുള്ള സി.സി.ടി.വി ക്യാമറ പരിശോധിച്ച് ഉടന് വാഹനത്തിന്റെ നമ്പര് കണ്ടെത്തൂ എന്ന് പോലീസ് സ്റ്റേഷനില് നിന്ന് പറഞ്ഞ പ്രകാരം തിരികെ ഓഫീസിലേക്കു വരുമ്പോള് അതാ സഹീര് ഞങ്ങളെയും കാത്ത് സര്ട്ടിഫിക്കറ്റുകളുമായി അവിടെ നില്ക്കുന്നു. രണ്ട് മിനിട്ടായി സഹീര് എത്തിയിട്ട്. ഭാര്യ ഓഫീസിനു മുന്നില് ഇറങ്ങിയതുകൊണ്ട് ഇങ്ങോട്ടായിരിക്കും വന്നതെന്നു കരുതി ഞാന് ഉടന് തിരികെപ്പോരുകയായിരുന്നുവെന്ന് സഹീര് പറഞ്ഞു.
സഹീറിനെ കണ്ടപ്പോഴാണ് ഞങ്ങളുടെ ഉള്ളിലെ ആശങ്കകള് അലിഞ്ഞുപോയത്. കരയാറായ ഭാര്യയുടെ മുഖത്ത് ചിരിതെളിഞ്ഞത്. കോഴിക്കോട്ടെ ഒട്ടോറിക്ഷക്കാരുടെ ഇത്തരം നന്യുള്ള കഥകള് പുതിയതൊന്നുമല്ലെങ്കിലും ഇന്ന് നേരിട്ടനുഭവിക്കുകയായിരുന്നു.
എത്ര നന്ദി പറഞ്ഞാലും തീരില്ല പ്രിയ സഹീര് താങ്കളോടുള്ള കടപ്പാട്.
സ്നേഹപൂര്വം
കെ.പി.ഷൗക്കത്തലി
ജസീന
Discussion about this post