ബിഷപ്പ് ബലാത്സംഗക്കേസ്; സുരക്ഷ ഒരുക്കാന്‍ കഴിയാത്തതിന് മദര്‍ സുപ്പീരിയര്‍ പറയുന്നത് മുടന്തന്‍ ന്യായങ്ങള്‍; വ്യാജ ആരോപണങ്ങളിലൂടെ ഞങ്ങളെ മഠത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു; സിസ്റ്റര്‍ അനുപമ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള ബലാത്സംഗക്കേസില്‍ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പിന്‍ന്തുണയുമായി വന്ന കന്യാസ്ത്രീകള്‍ക്ക്, സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കുറവിലങ്ങാട് മഠത്തിലെ മദര്‍ സുപ്പീരിയറെ വിമര്‍ശിച്ച് സിസ്റ്റര്‍ അനുപമ.

സുരക്ഷ ക്രമീകണങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന് ഉള്ളതായി അറിയില്ല. മദര്‍ സുപ്പീരിയര്‍ അടക്കം 14 പേര്‍ ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയെ കാണാന്‍ വിമാന ടിക്കറ്റെടുത്താണ് പോയത്. സുരക്ഷ ക്രമീകണങ്ങള്‍ ഒരുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് ആണെന്ന സുപ്പീരിയറിന്റെത് മുടന്തന്‍ വാദങ്ങളാണെന്ന് സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി.

2015ല്‍ മഠത്തില്‍ സ്ഥാപിച്ച ആറ് സിസി ടിവി ക്യാമറകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി നാലെണ്ണം കൂടി എത്രയും വേഗം റിപ്പയര്‍ ചെയ്ത് പുനഃസ്ഥാപിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കോട്ടമാണ് ഇത് എന്നാണ് സുപ്പീരിയറിന്റെ വാദം. എന്നാല്‍ സിസിടിവി വയ്ക്കുന്ന കൊണ്ട് എന്ത് കോട്ടമാണ് സംഭവിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയശേഷം ഞങ്ങളെ അടിച്ചമര്‍ത്താനും മഠത്തില്‍ നിന്ന് പുറത്ത് ചാടിക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നുണ്ട്. പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനാ ജീവിതമില്ലെന്ന തരത്തില്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനും ശ്രമമുണ്ടെന്നും സിസ്റ്റര്‍ അനുപമ ആരോപിച്ചു.

പാലാ കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് പോലീസ് മഠത്തിലെത്തി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, മഠത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ മുറിക്കണമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും, ക്യാമറ വച്ചാല്‍ സ്വകാര്യത നഷ്ടപ്പെടുമെന്നായിരുന്നും മദര്‍ സുപ്പീരിയര്‍ പോലീസിനെ അറിയിച്ചിരുന്നു.

Exit mobile version