തിരുവനന്തപുരം: റെയിൽവേ ഉദ്യോഗസ്ഥനായ സജിത്ത് തിരുവനന്തപുരത്ത് തീവണ്ടി തട്ടി മരിച്ച സംഭവം അപകടമല്ലെന്ന പരാതിയുമായിബന്ധുക്കൾ. സജിത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരിച്ച സജിത്തിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. ബുധനാഴ്ച രാവിലെയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എഞ്ചിനീയറായിരുന്ന സജിത്തിനെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
മേലുദ്യോഗസ്ഥരുടെ നിരന്തരമായ അഴിമതി ചൂണ്ടിക്കാണിച്ചതോടെ സജിത്തിന് അമിത ജോലി ഭാരം നൽകി ഇവർ പീഡിപ്പിച്ചിരുന്നെന്ന് സജിത്തിന്റെ ഭാര്യ അശ്വിനി അരോപിക്കുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നും മകനോട് ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങൾക്കായി മേലുദ്യോഗസ്ഥർ നിർബന്ധിച്ചിരുന്നതായും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും സജിത്തിന്റെ അച്ഛൻ രവികുമാറും ആവശ്യപ്പെട്ടു.
നേരത്തെ, തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ, മൃതദേഹം റെയിൽവേ ഓഫീസിൽ പൊതുദർശനത്തിനു വെക്കരുതെന്നും സജിത് ഭാര്യയോടു പറഞ്ഞിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. മേലുദ്യോഗസ്ഥരുടെ അഴിമിതിയും മറ്റും ചൂണ്ടിക്കാട്ടിയും സ്ഥലംമാറ്റം ആവശ്യപ്പെട്ടും റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സജിത് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു നടപടിയുമുണ്ടായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post