തൃശ്ശൂര്‍; യതീഷ് ചന്ദ്ര എന്ന യുവ ഐപിഎസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയിലും ദേശീയ മാധ്യമങ്ങളിലും ഇന്ന് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. എസ്പിയുടെ പഴയകാല ചരിത്രം ഓര്‍മ്മിച്ചു കൊണ്ടുള്ള വീഡിയോകള്‍ പിന്നെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുത്തിപ്പൊക്കി. ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ യതീഷ് ചന്ദ്രയുടെ മറ്റൊരു മുഖമാണ് കാണുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകെട്ട് ഒറ്റക്ക് ചുമലിലേന്തുന്ന യതീഷ് ചന്ദ്ര. നിരവധിപേരാണ് ഈ ടിക്ക്‌ടോക്ക് വീഡിയോ നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.
എല്‍ഡിഎഫ് 2015 മാര്‍ച്ച് 14ന് അങ്കമാലിയില്‍ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പേരിലാണ് എറണാകുളം റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ശ്രദ്ധേയനാകുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ത്ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.
വയോധികര്‍ക്കടക്കം ഈ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. അങ്കമാലി ഏരിയ സെക്രട്ടറി കെകെ ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍ നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ കെ നാരായണക്കുറുപ്പ് അടക്കമുള്ളവരും പോലീസ് നടപടിയെ വിമര്‍ശിച്ചു. അന്നു ബിജെപി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പേജുകളും പ്രത്യക്ഷപ്പെട്ടു.
ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ യതീഷിനെതിരെ കേസെടുത്തു. കാക്കനാട് കളക്ടറേറ്റിലായിരുന്നു സിറ്റിങ്. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയവര്‍, പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പോലീസ് നടത്തിയ ട്രയല്‍ റണ്‍ തടസപ്പെടുത്തിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറാത്തതിനാലാണ് ലാത്തിവീശിയതെന്നും ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര കമ്മിഷനെ അറിയിച്ചു. എന്നാല്‍ അലന്‍ എന്ന ഏഴുവയസുകാരന്റെ മൊഴി എസ്പിയെ അമ്പരപ്പിച്ചു.
തന്നെയും സമരക്കാരെയും തല്ലിയത് എസ്പിയാണെന്ന മൊഴിയില്‍ അലന്‍ ഉറച്ചുനിന്നതോടെ ഡിസിപി പ്രതിരോധത്തിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പ്രതികാര നടപടികളുണ്ടാകുമെന്നു വ്യാഖ്യാനമുണ്ടായെങ്കിലും ക്രമസമാധാനത്തിന്റെ ചുമതല നല്‍കി തൃശ്ശൂരില്‍ നിയമിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ ജനമൈത്രി പോലീസിന്റെ ഭാഗമായി നടപ്പിലാക്കിയും യതീഷ് ചന്ദ്ര ശ്രദ്ധനേടി.
ഇപ്പോള്‍ നിലയ്ക്കലില്‍ സുരക്ഷാചുമതലയുമായി ബന്ധപ്പെട്ട യതീഷ് ചന്ദ്ര സ്വീകരിച്ച നടപടികളും വിവാദമായി. കഴിഞ്ഞ ദിവസം നിലയ്ക്കലെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല എന്നിവരെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയായിരുന്നു. കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്റെ ആവശ്യം എസ്പി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. നിലയ്ക്കലിന്റെ സുരക്ഷാചുമതലയുള്ള എസ്പി യതീഷ്ചന്ദ്ര പമ്പയില്‍ പാര്‍ക്കിംഗിന് അസൗകര്യമുണ്ട്. അതു കൊണ്ടാണ് നിലയ്ക്കലില്‍ നിന്നും സ്വകാര്യ വാഹനം കടത്തി വിടാത്തതെന്ന കേന്ദ്രമന്ത്രി പൊന്‍ രാധകൃഷനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഗതാഗത പ്രശ്നങ്ങളുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ്പി കേന്ദ്ര മന്ത്രിയോട് ചോദിച്ചു. തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ പൊന്‍ രാധകൃഷ്ണന്റെ ആവശ്യം എസ് പി നിരാകരിക്കുകയായിരുന്നു.
എസ്പി യതീഷ് ചന്ദ്രയുടെ ശബരിമലയിലെ നടപടികള്‍ക്കതിരെ ബിജെപി വലിയ തോതിലാണ് വിമര്‍ശനം ഉന്നയിക്കുന്നത്.
Discussion about this post