തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നലെ ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതിനെ തുടര്‍ന്നാണ് നോര്‍ക്കവഴി സാമ്പത്തിക സഹായം ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹമാണ് ഇന്ന് നാട്ടിലെത്തിക്കുക. മൃതദേഹങ്ങള്‍ രാത്രി പത്ത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ ഉച്ചയോടെയാകും കോഴിക്കോട് എത്തിക്കുക.
ചൊവ്വാഴ്ചയാണ് കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന് രണ്ടുവയസ്സുകാരന് വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.
Discussion about this post