മലപ്പുറം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി. മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ നേരിട്ടെത്തിയാണ് അങ്ങാടിപുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ അസ്‌ക്കറലി മാപ്പ് എഴുതി നല്‍കിയത്.
തെറ്റാണ് ചെയ്തതെന്നു ബോധ്യപെട്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും വനിതാ കമ്മീഷന് അസ്‌ക്കര്‍ അലി എഴുതി നല്‍കി. എന്നാല്‍ വിഷയം വ്യക്തിപരമായല്ല കാണുന്നതെന്ന് ഷാഹിദ കമാല് പറഞ്ഞു. അതിനാല്‍ സാമൂഹ്യപ്രശ്‌നമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ കമാല് പറഞ്ഞു. ഇതൊരു ഒറ്റപെട്ട സംഭവമായി കാണാനാവില്ലെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
യാത്രക്കാരോടുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മനോഭാവത്തില്‍ മാറ്റം വരണം. ഇതിനായി അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താന്‍ ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഷാഹിദാ കമാല്‍ പറഞ്ഞു.
ഇന്നലെയാണ് ഷാഹിദ കമാലിനോട് ഓട്ടോറിക്ഷ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തത്.