പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവുനായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെയെല്ലാം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പേ വിഷ പ്രതിരോധത്തിനുള്ള മരുന്ന് നല്കി. നഗരസഭാ ബസ് സ്റ്റാന്‍ഡ് പരിസരം, കളക്ട്രേറ്റിനു മുന്‍വശം, തൈക്കാവ് റോഡ്, ജനറല്‍ ആശുപത്രിക്കു മുന്‍വശം തുടങ്ങിയ ഭാഗങ്ങളിലാണ് തെരുവു നായയുടെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് പ്രമാടത്ത് നടക്കാനിറങ്ങിയ ആള്‍ക്കാണ് ആദ്യം തെരുവു നായയുടെ കടിയേറ്റത്. തുടര്‍ന്ന് നഗരത്തിലേക്ക് ഇറങ്ങിയ നായ വഴിയില്‍ ഉണ്ടായിരുന്നവരെ എല്ലാം കടിക്കുകയായിരുന്നു. കാല്, മുതുക്, കൈയ്യ്, നെഞ്ച്, മുഖം എന്നീ ഭാഗങ്ങളിലാണ് പലര്‍ക്കും കടിയേറ്റത്. ഒരു നായ ആണ് എല്ലാവരെയും കടിച്ചതെന്നാണ് പ്രഥമിക നിഗമനം. കടിച്ചെന്നു കരുതപ്പെടുന്ന നായയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് തല്ലിക്കൊന്നു.
പരിക്കേറ്റവരുടെയെല്ലാം മുറിവ് ആഴത്തിലുള്ളതാണെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍ പറഞ്ഞു. കടിച്ച നായക്ക് പേ വിഷ ബാധ ഉണ്ടായിരുന്നോ എന്ന കാര്യം, നായയുടെ തലയിലെ രാസ പരിശോധന നടത്തിയാല്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ആര്‍എംഒ പറഞ്ഞു.
Discussion about this post