വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റി ഏറ്റെടുത്ത്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ വ്യക്തമാക്കി.
ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ആക്രമണമെന്നും കുറിപ്പിലുണ്ട്. ആദിവാസികളുടെ സൈ്വര്യജീവിതത്തിന് തടസ്സം നില്ക്കുന്ന മുഴുവന്‍ റിസോര്‍ട്ട് മാഫിയയെയും പ്രദേശത്തുനിന്ന് അടിച്ചോടിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും നാടുകാണി ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ലെഗസി ഹോംസ് റിസോര്‍ട്ടിന് നേരെ ആക്രമണം നടന്നത്. റിസോര്‍ട്ടിലെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. കസേരകളില്‍ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലും കണ്ടെത്തി.
റിസോര്‍ട്ട് നില്‍ക്കുന്നയിടത്തിന് പുറത്തുള്ള ഒരു പോസ്റ്റില്‍ എന്താണ് ആക്രമണത്തിന് കാരണമെന്ന് വിശദീകരിച്ചുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ:
”അട്ടമലയിലെ റിസോർട്ട് ആക്രമണം എന്തിന്?
– കഴിഞ്ഞ സീസണിൽ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയിൽ തടഞ്ഞ് അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണം.
– ആദിവാസികൾ ആരുടെയും കച്ചവടവസ്തുവല്ല.
– ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക.
– ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക.
എന്ന് സിപിഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയ സമിതി
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എത്ര പേരാണ് ആക്രമണം നടത്തിയതെന്നും ഇതുവരെ വ്യക്തതയില്ല.
Discussion about this post