കതിരൂര്‍: പൊന്ന്യം നായനാറില്‍ പോലീസുകാരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടില്‍ പ്രബേഷിനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കതിരൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലിസുകാര്‍ക്ക് നേരെ ബോംബെറിഞ്ഞ ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. ശേഷം നടത്തിയ തെരച്ചില്‍ കൊയമ്പത്തൂരില്‍ വച്ച് കതിരൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയുകയായിരുന്നു. അതേസമയം പിടിക്കപ്പെട്ട പ്രതിയുടെ പേരില്‍ പത്തോളം കേസുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
ജനുവരി 16-ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പൊന്ന്യം നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാ കേന്ദ്രത്തിന് സമീപം സ്റ്റീല്‍ ബോംബ് എറിയുകയായിരുന്നു. ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള മനപൂര്‍വ്വമുള്ള ശ്രമമായിരുന്നു ഇതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.