പണവും വേണ്ട പൊന്നും വേണ്ട; മഹറായി പുസ്തകങ്ങള്‍ മതിയെന്ന് കല്യാണ പെണ്ണ്! വധുവിന് 100 പുസ്തകങ്ങള്‍ വാങ്ങി നല്‍കി വരന്‍

മഹറായി പൊന്നും പണവും വേണ്ട നൂറ് പുസ്തകങ്ങള്‍ മതിയെന്നാണ് വധുവായ അജ്‌ന വരനോട് ആവശ്യപ്പെട്ടത്.

ചടയമംഗലം: ഇന്ന് നാം കാണുന്ന പല കല്യാണങ്ങളും വളരെ വ്യത്യസ്തമായതാണ്. അങ്ങനെയുള്ള വ്യത്യസ്തമായ കാഴ്ചകളെയും തീരുമാനങ്ങളെയും കൈയ്യടിയോടെ സ്വീകരിക്കുന്നവരാണ് സോഷ്യല്‍ മീഡിയ. അത്തരത്തിലൊരു വ്യത്യസ്തമായ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മുസ്ലീം കല്യാണമാണെങ്കില്‍ സാധാരണ വരന്‍ വധുവിന് മഹര്‍ നല്‍കുന്ന ചടങ്ങുണ്ട്. മഹര്‍ സ്ത്രീകള്‍ക്കുള്ള അവകാശമാണ്. അതിനാല്‍ പുരുഷന്‍ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നല്‍കണമെന്ന് അനുശാസിക്കുന്നു.

വിവാഹമൂല്യം നിശ്ചയിക്കാതെയും നല്‍കാതെയുള്ള വിവാഹങ്ങള്‍ സാധുവാകുകയില്ല. വിവാഹമൂല്യം എത്രയാവണമെന്ന് ഇസ്ലാം കൃത്യമായി നിര്‍ണയിച്ചിട്ടില്ല. മര്യാദയനുസരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കുകയാണ് ചടയമംഗലം സ്വദേശികളായ വധുവും വരനും. മഹറായി പൊന്നും പണവും വേണ്ട നൂറ് പുസ്തകങ്ങള്‍ മതിയെന്നാണ് വധുവായ അജ്‌ന വരനോട് ആവശ്യപ്പെട്ടത്. അജ്‌നയുടെ ഇഷ്ട പ്രകാരം ചടയമംഗലം പോരെടം വെള്ളച്ചാലില്‍ ഇജാസ് ഹക്കിം 100 പുസ്തകങ്ങള്‍ മഹറായി നല്‍കുകയും ചെയ്തു.

Exit mobile version