തിരുവനന്തപുരം: ജനുവരി എട്ടിലെ ദേശീയ പണിമുടക്ക് ദിവസത്തിൽ ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരുടെ ശമ്പളം നഷ്ടമാകില്ലെന്ന് കേരള സർക്കാർ. അന്നേ ദിവസത്തെ ശമ്പളം നൽകാൻ സർക്കാർ തീരുമാനം. ജനുവരി എട്ടിന് ഹാജരാകാൻ കഴിയാതിരുന്നത് ആ ദിവസത്തെ ശമ്പളത്തെ ബാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ വിവിധ വിഷയങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകൾ ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
പണിമുടക്ക് ദിവസം ഹാജരാകാൻ കഴിയാതിരുന്നവർക്ക് ശമ്പളം നിഷേധിക്കരുതെന്ന് ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കിന് ധനകാര്യ വകുപ്പ് നിർദ്ദേശം നൽകി. ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെ രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് ആചരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും പണിമുടക്ക് പൂർണ്ണമായിരുന്നു. കേരളത്തിലും എല്ലാ ജില്ലകളിലും പണിമുടക്ക് പൂർണ്ണമായിരുന്നു. കെഎസ്ആർടിസിയും പണിമുടക്കിൽ പങ്കെടുത്തതിനാൽ പൊതുഗതാഗതവും ഏറെക്കുറെ നിശ്ചലമായിരുന്നു.
തൊഴിലാളികളും കർഷകരും കേന്ദ്ര സംസ്ഥാന ജീവനക്കാരും വ്യാപാരികളും വിദ്യാർത്ഥികളും യുവജനങ്ങളും ഉൾപ്പെടെ 30 കോടിയോളം പേർ പണിമുടക്കിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, തൊഴിൽ നിയമം മുതലാളികൾക്കനുകൂലമായി ഭേദഗതി ചെയ്യരുത്, വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, കർഷക കടങ്ങൾ എഴുതിതള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വർഗീയത തടയുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്.