ന്യൂഡൽഹി: ദമാനിലുണ്ടായ ദുരന്തത്തിൽ എട്ടുപേരുടെ ജീവൻ ഗ്യാസ് ഹീറ്റർ കവർന്നത് അറിയാതെ മറ്റൊരു മുറിയിൽ സഹയാത്രികർക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവ്. ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും നടുങ്ങുമ്പോൾ അച്ഛനും അമ്മയും കുഞ്ഞനിയനും നഷ്ടപ്പെട്ട മാധവ് ഒന്നുമറിയാതെ കളിചിരിയിലാണ്.
നേപ്പാളിലെ വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന മരിച്ച രഞ്ജിത്കുമാറിന്റെ മൂത്തമകനാണ് ഈ രണ്ടാം ക്ലാസുകാരൻ. മാധവ് രക്ഷപ്പെട്ടതറിഞ്ഞു മലയാളി അസോസിയേഷൻ ഭാരവാഹി കൈലാസനാഥന്റെ ഫോണിൽ രഞ്ജിത്തിന്റെ ഡൽഹിയിലുള്ള ബന്ധു അവനോടു സംസാരിച്ചിരുന്നു. മറ്റു യാത്രികർക്കൊപ്പം അപ്പോൾ കാഠ്മണ്ഡുവിലായിരുന്നു മാധവ്. എന്തു ചെയ്യുകയാണെന്നു ചോദിച്ചപ്പോൾ ഇപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. ”ഞാൻ നാളെ എത്തു”മെന്നും അവൻ നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അച്ഛനും അമ്മയും തന്നെ തനിച്ചാക്കി പോയതിന്റെ വേദനകളൊന്നും അറിയാതെ നാട്ടിലെത്താനുള്ള തിടുക്കത്തിൽ സംസാരിക്കുന്ന മാധവിന്റെ ശബ്ദം കേട്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധു.
യാത്രാസംഘത്തിനൊപ്പം രക്ഷിതാക്കൾ ആരുമില്ലാതെ മാധവ് തനിച്ചായതിനാൽ അവനെ തിരിച്ചു നാട്ടിലെത്തിക്കാനായി രഞ്ജിത്തിന്റെ സുഹൃത്ത് പ്രതാപൻ പിള്ള ചൊവ്വാഴ്ച വൈകീട്ടുതന്നെ ഡൽഹിക്കു തിരിച്ചു. താനുമായി നല്ല പരിചയമുള്ളതിനാൽ മാധവിനെ ഒപ്പംകൂട്ടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
Discussion about this post