തിരുവനന്തപുരം: നേപ്പാളില്‍ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തിങ്കളാഴ്ച രാത്രിയോടെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത 15 അംഗ സംഘത്തിലെ എട്ടുപേര്‍ക്കാണ് വാതകം ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എട്ടുപേര്‍ ഒരു മുറിയില്‍ താമസിച്ചു. ബാക്കിയുള്ളവര്‍ മറ്റു മുറികളിലുമായിരുന്നു. ഇതിനിടെ രാത്രി ഗ്യാസ് ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ വാതകം മുറിയില്‍ വ്യാപിച്ചതാകാം മരണകാരണമെന്നാണ് സംശയം. മുറിയിലെ ജനലുകളും വാതിലുകളുമെല്ലാം അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നുവെന്നാണ് ഹോട്ടല്‍ മാനേജറും മൊഴി നല്‍കിയിരിക്കുന്നത്.
Discussion about this post