കേരളീയ വിഭവങ്ങള്‍ തിരിച്ചെത്തി; പരിഷ്‌കരിച്ച മെനു പിന്‍വലിച്ച് റെയില്‍വേ

തിരുവനന്തപുരം: കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി പരിഷ്‌കരിച്ച റെയില്‍വേയുടെ പുതിയ മെനു പിന്‍വലിച്ചു. മാധ്യമ പ്രവര്‍ത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയില്‍വേ മെനു പിന്‍വലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസം അല്ലേ എന്നായിരുന്നു ദീപു ട്വിറ്ററിലൂടെ റെയില്‍വേ അധികൃതരോട് ചോദിച്ചത്.

ഇതിനു മറുപടിയായിട്ടാണ് മുമ്പ് വിതരണം ചെയ്ത എല്ലാ വിഭവങ്ങളും വീണ്ടും വിതരണം ചെയ്യുമെന്ന് ട്വീറ്റില്‍ റെയില്‍വേ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ കേരളീയ വിഭവങ്ങളെയാണ് കഴിഞ്ഞ ദിവസം റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനു പുറമെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയും മെനുവില്‍ നിന്ന് റെയില്‍വേ പുറത്താക്കിയിരുന്നു. ഇതിനു പകരമായി സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് പുതിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Exit mobile version