ചേർപ്പ്: സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടത്തുന്ന സർക്കാർ ശ്രമങ്ങൾ ഫലം കാണുന്നുണ്ടെന്ന് പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വികസന വകുപ്പ് മന്ത്രി എകെ ബാലൻ. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചേർപ്പ് ഗ്രാമ പഞ്ചായത്തിലെ പൂത്തറക്കൽ കോളനിയുടെ പ്രവർത്തന പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി വിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്താൻ കോഴിയും ആടും കോഴിമുട്ടയും കൊടുത്തതുകൊണ്ട് കാര്യമില്ല. സമൂഹത്തിന്റെ ഇതര വിഭാഗങ്ങളോടൊപ്പം എത്തണമെങ്കിൽ വരുമാനമുള്ള തൊഴിൽ വേണം. അതിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകണം. അതിനുള്ള സർക്കാർ ശ്രമങ്ങളും ഫലം കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ ചിലവിൽ നവീകരിച്ച പൂത്തറക്കൽ കോളനിയെ സംസ്ഥാനത്തെ മാതൃക കോളനിയായി പ്രഖ്യാപിക്കാനും കഴിഞ്ഞതായി മന്ത്രി അറിയിയിച്ചു. ഐഎച്ച്ഡിപി കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ, നഴ്സറി, റോഡ് എന്നിവ പദ്ധതിയുടെ ഭാഗമായി നവീകരിച്ചു. നിർമ്മിതി കേന്ദ്രമാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കലാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ നാട്ടിക എംഎൽഎ ഗീത ഗോപി അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വിആർ സരള, വൈസ് പ്രസിഡന്റ് പിടി സണ്ണി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഡി മിൽട്ടൺ, പട്ടികജാതി വർക്കിങ് ഗ്രൂപ്പ് ചെയർമാൻ കെഎ പ്രദീപ്, പട്ടികജാതി വികസന വകുപ്പ് ജോയ്ന്റ് ഡയറക്ടർ ടോമി ചാക്കോ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post