കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അലന്റേയും താഹയുടേയും കസ്റ്റഡി ആവശ്യപ്പെട്ടിരിക്കെ ഇരുവരുടേയും വീടുകളിൽ സന്ദർശനം നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും താഹയും മാവോയിസ്റ്റ് ആണെന്നതിന് മുഖ്യമന്ത്രി തെളിവ് തരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധന ഇവിടെ പാലിച്ചില്ലെന്നാരോപിച്ച പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ പ്രശ്‌നമായതു കൊണ്ടാണ് ഇടപെട്ടതെന്നും വ്യക്തമാക്കിയത്.
യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എൻഐഎ ഏറ്റെടുക്കാറില്ല.എന്നാൽ ഈ കേസ് എൻഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസർക്കാരിന്റെ ഇടപെടൽ മൂലമാണെന്നും ചെന്നിത്തല ആരോപിച്ചു. അമിത് ഷായും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസമെന്ന ചോദ്യവും ചെന്നിത്തല ഉന്നയിച്ചു. യുഎപിഎ കേസിൽ അറസ്റ്റിലായ താഹ യുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പോലീസ് പറയുന്നതെല്ലാം ശരിയല്ലെന്നും അങ്ങനെ പലവട്ടം തെളിഞ്ഞതാണെന്നും ആരോപിച്ച ചെന്നിത്തല വിഷയം സഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചു.
‘യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എൻഐഎ ഏറ്റെടുക്കാറില്ല.എന്നാൽ ഈ കേസ് എൻഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസർക്കാരിന്റെ ഇടപെടൽ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സർക്കാരിന്റെ കൈവശമുള്ളതെന്ന സർക്കാർ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ല’. ഈ വിഷയത്തിൽ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം, ചെന്നിത്തലയുടെ സന്ദർശനം ആത്മവിശ്വാസം പകരുന്നതാണെന്ന് അലന്റെ മാതാവ് സബിത ശേഖർ പ്രതികരിച്ചു.
അലന്റെയും താഹയുടെയും വിഷയത്തിൽ ഇടപെടാൻ യുഡിഎഫ് തീരുമാനിച്ചതായി എംകെ മുനീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്നണിയിൽ ആലോചിച്ച ശേഷമെടുത്ത ഈ തീരുമാനത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് അലന്റെയും താഹയുടെയും വീടുകൾ സന്ദർശിക്കുമെന്നും മുനീർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചെന്നിത്തലയുടെ സന്ദർശനം.
അതേസമയം, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിന്റേയും താഹ ഫസലിന്റേയും കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ വിധി ഇന്നുണ്ടാകും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം.
Discussion about this post