കൊച്ചി: കൊച്ചി മെട്രോ തൂണില്‍ കയറി ഫയര്‍ഫോഴ്സ് അധികൃതരെ വലച്ച പൂച്ചക്കുട്ടിക്ക് ‘മെട്രോ മിക്കി’ എന്ന പേര് നല്കി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) അധികൃതരാണ് പൂച്ചക്കുട്ടിക്ക് ഈ പേര് നല്‍കിയത്. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ കൊച്ചി മെട്രോയുടെ തൂണിന് മുകളില്‍ നിന്നും പൂച്ചക്കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.
പൂച്ചക്കുട്ടി ഇപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനായി പനമ്പള്ളി നഗര്‍ മൃഗാശുപത്രിയിലാണ്. നിലവില്‍ പൂച്ചക്കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ‘ടാബി’ ഇനത്തില്‍പ്പെട്ട ഈ പൂച്ചക്കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കി. മറ്റ് പ്രതിരോധ കുത്തിവെപ്പുകളും നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം അഞ്ച് മാസം പ്രായമുള്ള ഈ പൂച്ചക്കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായി നിരവധി പേരാണ് ദിനവും എത്തുന്നതെന്നും എസ്പിസിഎ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പൂച്ചക്കുട്ടിക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ പൂച്ചയെ വളര്‍ത്താന്‍ നല്‍കുകയുള്ളൂവെന്നാണ് എസ്പിസിഎ അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post