കടുത്തുരുത്തി:”ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു”-വീടിന്റെ ഹാളിൽ തൊട്ടിലിൽ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം നിമ്മി വിവരിക്കുന്നതിങ്ങനെ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടിസ്ത്രീ കുഞ്ഞിന്റെ അമ്മ നിമ്മി എത്തിയതോടെ കടന്നുകളയുകയായിരുന്നു. നിമ്മിയുടെ ശ്രദ്ധയിൽ പതിഞ്ഞതുകൊണ്ടുമാത്രമാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത്. തുടർന്ന് പോലീസും നാട്ടുകാരും മണിക്കൂറുകളോളം ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരിൽ ഷിബുനിമ്മി ദമ്പതികളുടെ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
തൊട്ടിലിൽ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു അമ്മ നിമ്മി. ഷിബു പള്ളിയിലായിരുന്നു ഈ സമയം. വീടിന്റെ തുറന്നുകിടന്ന മുൻവശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികിൽ എത്തുകയായിരുന്നു. യാദൃശ്ചികമായി നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നിൽക്കുന്നതു കണ്ടു. നിമ്മി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടുകയായിരുന്നു. പൂവക്കോട് റോഡിൽ നിന്നാണ് ഇവർ തോളിൽ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. അതിനായി വിദേശത്തായിരുന്ന ഷിബുവും നിമ്മിയും നാട്ടിലെത്തിയതായിരുന്നു.
നിമ്മിയുടെ ഭർത്താവ് ഷിബുവും മൂത്ത കുഞ്ഞും അമ്മയും പള്ളിയിൽ പോയതായിരുന്നു. പത്തേമുക്കാലോടെ ഷിബുവിന്റെ പിതാവ് പുറത്തിരിക്കുന്നതിനാൽ കുഞ്ഞിനെ ഹാളിലെ തൊട്ടിലിൽ കിടത്തി മുൻവശത്തെ വാതിലടയ്ക്കാതെ നിമ്മി പുറത്തു തുണി കഴുകുകയായിരുന്നു. ഇതിനിടയിൽ ഷിബുവിന്റെ പിതാവ് കിടക്കാൻ മുറിക്കുള്ളിലേക്കു പോയി. തുറന്നിട്ട ജനലിലൂടെ ഇടയ്ക്കിടെ കുഞ്ഞിനെ നോക്കികൊണ്ടാണ് അവർ തുണി കഴുകിയിരുന്നത്. ഇടയ്ക്കു നോക്കിയപ്പോഴാണ് ഒരു സ്ത്രീ ഹാളിൽ കുഞ്ഞിന്റെ തൊട്ടിലിന് അരികിൽ നിൽക്കുന്നതു കണ്ടത്. ഉടനെ നിമ്മി അലറിവിളിച്ചു മുൻവശത്തെ വാതിലിനരികിലേക്ക് ഓടിയെത്തി. ഈ സമയം മുറിയിൽ നിന്ന് സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ നിമ്മിയും ഓടിയെങ്കിലും അവർ പാടത്തേക്ക് എടുത്തുചാടി ഓടുകയായിരുന്നു. നല്ല ഉയരമുള്ള സ്ത്രീയാണു വീടിനുള്ളിൽ കടന്നതെന്നാണ് നിമ്മി നൽകുന്ന വിവരം. കയ്യിൽ സഞ്ചി ഉണ്ടായിരുന്നു. മൂക്കുകുത്തി ധരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവമായപ്പോൾ പേടിച്ചുപോയെന്ന് നിമ്മി പറയുന്നു.
Discussion about this post