ആലപ്പുഴ: പൗരത്വനിയമഭേദഗതിക്ക് എതിരായ സംയുക്ത സമരത്തിൽ നിന്നും പിന്നോട്ട് പോയത് സിപിഎമ്മാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ യോജിച്ച സമരം വേണം എന്ന് ആവശ്യപ്പെട്ടത് താനാണ്. പിന്നോട്ട് പോയത് സിപിഎമ്മും. മനുഷ്യച്ചങ്ങല സിപിഎമ്മിന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പൗരത്വ സമരങ്ങളുടെ പ്രതിഷേധങ്ങളുടെ പേരിൽ നിരവധി നേതാക്കൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. അത് പ്രതിഷേധാർഹമാണ്. കേസുകൾ റദ്ദാക്കണം. പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയെന്നത് യോഗി സർക്കാരിന്റെ രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെൻസസുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിൽ അപാകതയുണ്ട്. സെൻസസ്, എൻപിആറും എൻസിആറുമായി കൂട്ടിക്കുഴഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ മുന്നോട്ട് പോകാൻ കഴിയില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സെൻസസിന് ഒപ്പം എൻപിആർ ജോലികൾ നടപ്പാക്കേണ്ട ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. അത് റദ്ദാക്കിയിട്ടില്ല. തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. വാർഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാർഡ് വിഭജനം. ബില്ലിനെ നിയമസഭയിൽ എതിർക്കും. രാഷ്ടീയ ലക്ഷ്യം നടപ്പാക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ഗവർണർ പദവി വേണ്ടന്ന് കോൺഗ്രസിന് അഭിപ്രായമില്ല. എന്നാൽ പൗരത്വനിയമഭേദഗതിയിൽ ഗവർണറുടെ അഭിപ്രായത്തിനോട് യോജിപ്പില്ല’. പൗരത്വനിയമഭേദഗതിയിൽ പരസ്യ എതിർപ്പുമായി ഗവർണർ ഇറങ്ങിയത് ശരിയല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post