കോട്ടയം: വഴിയരികിലൂടെ നടന്ന് പോവുകയായിരുന്ന മധ്യവയസ്കനെ ഇടിച്ചുതെറിപ്പിച്ച കാർ ഓടിച്ചിരുന്ന സ്ത്രീയ്ക്ക് തണലൊരുക്കി കോട്ടയം കുറുവിലങ്ങാട്ടെ പോലീസ്. കാണക്കാരിയിൽ നാല് മാസം മുമ്പാണ് മധ്യവയസ്കനെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർഡ്രൈവർ കടന്നുകളഞ്ഞത്. അപകടമുണ്ടാക്കിയ കാറിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ദൃക്സാക്ഷികൾ ഉൾപ്പടെയുള്ളവർ കൈമാറിയിട്ടും കാർ കണ്ടെത്താനോ അന്വേഷിക്കാനോ പോലീസ് തയ്യാറായില്ലെന്നാണ് പരാതി.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാണക്കാരി സ്വദേശി ചന്ദ്രശേഖർ നായരും കുടുംബവും ചികിത്സയ്ക്ക്പോലും പണം കണ്ടെത്താനാകാതെ ദുരിതത്തിലാണ്. പഴയാനിക്കൽ വീട്ടിൽ ചന്ദ്രശേഖരൻ നായരെ ഒക്ടോബർ ഒമ്പതിന് രാവിലെ കാണക്കാരി ആശുപത്രി പടിയിൽവെച്ചാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ചന്ദ്രശേഖരൻനായരുടെ വലതുകാൽ ഒടിഞ്ഞിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കമ്പിയിട്ടു. ഇതേതുടർന്ന് നാല് മാസമായി ഒന്ന് എഴുനേൽക്കാൻ പോലുമാകാതെ കിടപ്പിലാണ് ചന്ദ്രശേഖരൻ നായർ.
വാഹനം ഓടിച്ചിരുന്നത് സ്ത്രീയായിരുനെന്നും ചാരനിറത്തിലുള്ള കാറാണ് ഇടിച്ചതെന്നും ദൃക്സാക്ഷികൾ അന്ന് തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഒന്നന്വേഷിച്ചാൽ കണ്ടെത്താമായിരുന്നിട്ടും പോലീസ് ഉത്സാഹം കാണിക്കുന്നില്ല. ഇടിച്ചുതെറിപ്പിച്ചയാളെ ആശുപത്രിയിലാക്കാൻ പോലും ശ്രമിക്കാതെ മനസാക്ഷിയില്ലാതെ കടന്നുകളഞ്ഞ സ്ത്രീയെ കണ്ടെത്താൻ പോലീസിനും മനസാക്ഷിയില്ല. എസ്പിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും കുറവിലങ്ങാട് പോലീസ് അനങ്ങാപ്പാറ നയം തുടരുകയാണ്.
Discussion about this post