ആലപ്പുഴ: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം വാർത്തയാകുന്നതിനിടെ നിലപാട് വ്യക്തമാക്കി നിയമമന്ത്രി എകെ ബാലൻ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നടപടിയെ ചൊല്ലി ഗവർണറും കേരള സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് എകെ ബാലൻ ആവർത്തിച്ചു. പ്രകോപനം ഉണ്ടാക്കാൻ ആരും ശ്രമിക്കരുത്. പ്രശ്നം ഒരിക്കലും വ്യക്തിപരമല്ല. നിയമപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് നിയമപരമായി തന്നെ പരിഹരിക്കുമെന്നും എകെ ബാലൻ ആലപ്പുഴയിൽ പറഞ്ഞു.
നിയമപരമായാണ് സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തതും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സർക്കാരിന് അവകാശം ഉണ്ട്. സുപ്രീംകോടതിയിൽ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തിൽ തുടർ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും എകെ ബാലൻ വിശദീകരിച്ചു.
തദ്ദേശ വാർഡ് വിഭജനം ഇടത് മുന്നണി അജണ്ടയാണെന്ന യുഡിഎഫ് വാദവും മന്ത്രി എകെ ബാലൻ തള്ളി. യുഡിഎഫിന്റെ ആരോപണത്തിൽ കഴമ്പില്ല. യുഡിഎഫ് നടപ്പാക്കിയ വാർഡ് വിഭജനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ജയിച്ചത് ഇടത് മുന്നണിയായിരുന്നു എന്ന് എകെ ബാലൻ ഓർമ്മിപ്പിച്ചു.
Discussion about this post