തിരുവനന്തപുരം: റെയില്‍വേയിലെ ഭക്ഷണത്തിന്റെ നിരക്ക് കൂട്ടിയതിന് പിന്നാലെ മെനുവില്‍ നിന്ന് കേരളാ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേയുടെ പുതിയ പരിഷ്കാരം. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും കൂടുതലായി വിറ്റിരുന്ന അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നീ മിക്ക കേരളീയ വിഭവങ്ങളെയും മെനുവില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
ഇതിനു പുറമെ പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ എന്നിവയും മെനുവില്‍ നിന്ന് റെയില്‍വേ പുറത്താക്കി. ഇതിനു പകരമായി സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവയാണ് പുതിയ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ഉഴുന്നുവടയെയും പരിപ്പുവടയും റെയില്‍വേ മെനുവില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ഇതിനുപുറമെ നാരങ്ങാ വെളളം ഉള്‍പ്പെടെയുള്ള പാനീയങ്ങളും സ്റ്റാളുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രെയിനിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റാളുകളിലെ ഭക്ഷണ നിരക്കും റെയില്‍വേ വര്‍ധിപ്പിച്ചിട്ടുണ്ട്. ഊണിന്റെ വില 35 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 70 രൂപയാണ് ആക്കിയത്. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും പതിനഞ്ച് രൂപയായി. അതേസമയം ഉത്തരേന്ത്യന്‍ വിഭവങ്ങളായ ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്ക് രണ്ട് എണ്ണത്തിന് ഇരുപത് രൂപയാണ് റെയില്‍വേ നിരക്ക്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് റെയില്‍വേ മെനു പരിഷ്കരിച്ച് നിരക്കുകള്‍ കൂട്ടിയത്.
Discussion about this post