പാലക്കാട്: നൂറണി ടർഫ് മൈതാനത്ത് മുൻകാല ഫുട്ബോൾ താരം ധനരാജിന് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. ബൈച്ചുങ് ബൂട്ടിയ, ഐഎം വിജയൻ, ഷറഫലി, ആസിഫ് സഹീർ, വിപി ഷാജി, കുരികേശ് മാത്യു, മുഹമ്മദ് ഹക്കീം തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ഫുട്ബോൾ പ്രകടനം കാണാനായി നൂറുകണക്കിന് ആളുകൾ കൂട്ടത്തോടെ ടർഫ് മൈതാനത്തേക്ക് ഒഴുകിയതോടെയാണ് അപകടമുണ്ടായത്.
താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കമുകിന്റെ ഗ്യാലറിയുടെ ശക്തിക്ക് താങ്ങാനാകുന്നതായിരുന്നില്ല ആ ജനത്തിരക്ക്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. 12 അടി മാത്രം പൊക്കമുണ്ടായിരുന്ന താത്കാലിക ഗാലറിയായിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. സ്ഥലത്തുനിന്ന് വാരിയെടുത്ത് പരിക്കേറ്റവരെ കിട്ടിയ സ്വകാര്യ വാഹനങ്ങളിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.
അതിനായി ഒരുമണിക്കൂർ വൈകിത്തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിനിടെയും ജനങ്ങൾ അക്ഷമരായി കാത്തിരുന്ന ഫുട്ബോൾ പ്രകടനം ദുരന്തത്തിൽ അവസാനിച്ച നിരാശയിലാണ് ജനങ്ങൾ. ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ തിരക്കിനിടയിലും മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോൾ മത്സരത്തിന് സിക്കിമിൽനിന്ന് എത്തിയത്. നിരാശ അപ്പോൾ നാട്ടുകാർക്കും ഫുട്ബോൾ പ്രേമികൾക്കും മാത്രമാകില്ലെന്ന് വ്യക്തം. ഉദ്ഘാടനച്ചടങ്ങിൽ ഷാഫി പറമ്പിൽ എംഎൽഎ അധ്യക്ഷ പ്രസംഗത്തിൽ ധനരാജിന്റെ കുടുംബത്തിന് കൈയയച്ച് സഹായിച്ച സുമനസ്സുകൾക്ക് നന്ദിപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വികെ ശ്രീകണ്ഠൻ എംപിഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇത്രയും കാര്യക്ഷമമായി സെലിബ്രിറ്റി ഫുട്ബോൾ നടത്താൻ സൗകര്യമൊരുക്കിയ കെഎഫ്എ പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനിടെയാണ് ഗ്യാലറിയുടെ കിഴക്കുവശത്ത് ഡോലക് സംഘമിരുന്ന ഭാഗത്ത് നിന്നും അലർച്ച ഉയർന്നത്. നിമിഷങ്ങൾക്കകം ഗ്യാലറിയപ്പാടെ തകർന്നുവീണു. മൈതാനം വിറച്ചു. ആശങ്കയ്ക്ക് വിരാമമിട്ട് ഫുട്ബോൾ താരങ്ങളും വൊളന്റിയർമാരും അടക്കമുള്ളവർ അപകടം നടന്ന സ്ഥലത്തേക്ക് കുതിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി വേണ്ടത്ര ആംബുലൻസുകൾ ഇല്ലാതിരുന്നതിനാൽ സ്വകാര്യവാഹനങ്ങളാണ് രക്ഷകരായത്. അഗ്നിശമനസുരക്ഷാസേനയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഗ്യാലറിക്ക് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.