ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പണിമുടക്ക്

കോഴിക്കോട്: ഇന്ന് അര്‍ധരാത്രി മുതല്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോരിക്ഷകള്‍ക്കെതിരെ ജില്ലയിലെ ഓട്ടോ തൊഴിലാളികള്‍ പണി മുടക്കുന്നത്.

അതേസമയം ജില്ലയില്‍ സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം ഇലക്ട്രിക് ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഉള്ളത്. സര്‍ക്കാര്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് മറ്റ് ഓട്ടോ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതിയുടെ പരാതി. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ മാസവും ഇതേവിഷയം ഉന്നയിച്ച് കോഴിക്കോട്ട് ഓട്ടോതൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോകളിലെ യാത്രക്കാരെ ഇറക്കിവിടുന്നതടക്കമുളള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ അനിശ്ചിത കാല സമരം നടത്താനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

Exit mobile version