തിരുവനന്തപുരം: ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
‘ഞാനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ നിയമമാണ് പറയുന്നത്. ഗവര്‍ണറെ അറിയിക്കാതെ കോടതിയെ സമീപിച്ചതില്‍ നിയമ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ അക്കാര്യം നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കട്ടെ’ – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കോടതിയെ സമീപിച്ച കാര്യം തന്നോട് പറഞ്ഞിട്ടില്ല. ഇത് നിയമ വിരുദ്ധമാണ്. റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുവാദമില്ലാതെ സ്വയം തീരുമാനിച്ച് മുന്നോട്ടുപോകാന്‍ അനുവാദം നല്കുന്ന ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭീഷണികള്‍ ഉയര്‍ന്നതിന് പിന്നാലെ സംഘാടകര്‍ അറിയിച്ചതോടെയാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കുന്നത് മാറ്റിവെച്ചത്. സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചര്‍ച്ചകളോടും സംവാദങ്ങളോടും മുഖം തിരിക്കുകയും ചെയ്യുന്നവര്‍ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം വലുതാക്കുന്നവരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post