ചാടി ഓടിയും ഫയർഫോഴ്‌സിനെ വലച്ചും മെട്രോ പില്ലറിന് ഇടയിൽ പൂച്ച; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ ‘ഓപ്പറേഷൻ പൂച്ച’ വിജയം

കൊച്ചി: കൊച്ചി മെട്രോയുടെ പില്ലറിനിടയിൽ കുടുങ്ങിയ പൂച്ച ഫയർഫോഴ്‌സിനേയും നാട്ടുകാരേയും വട്ടം ചുറ്റിച്ചു. ഒടുവിൽ പൂച്ചയെ രക്ഷപ്പെടുത്തി. ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പൂച്ചയെ രക്ഷിച്ചത്. കഴിഞ്ഞ ആറുദിവസമായി പൂച്ച പില്ലറുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വൈറ്റില ഫാഷൻ മാർബിളിന് മുന്നിലായി റോഡിൽ നിന്ന് നാൽപ്പതടി ഉയരത്തിൽ മെട്രോ റെയിലിന്റെ തൂണിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച.

എങ്ങനെയാണ് പൂച്ച ഇത്രയും ഉയരത്തിൽ എത്തിയതെന്ന് വ്യക്തമല്ല. ആറ് ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്ന പൂച്ചയെ ക്രെയിൻ എത്തിച്ച് മെട്രോ തൂണിലേക്ക് കയറിയാണ് രക്ഷപ്പെടുത്തിയത്. വലവീശി പിടിക്കാൻ ശ്രമിച്ചെങ്കിലും പൂച്ച തൂണിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. നാട്ടുകാർ താഴെ വിരിച്ച വലയിലേക്ക് ചാടിയതിനാൽ പൂച്ചയ്ക്ക് ഒന്നും സംഭവിച്ചില്ല.

ആറുദിവസം മുമ്പ് രാവിലെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് സമീപത്തെ കച്ചവടക്കാരും യാത്രക്കാരും പൂച്ചക്കുട്ടി എവിടെയാണെന്ന് അന്വേഷിക്കാൻ ആരംഭിച്ചത്. തൂണിനു മുകളിൽ പൂച്ചക്കുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് സമീപത്തെ കട ഉടമകൾ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. എന്നാൽ സംഭവം ഗൗരവത്തിലെടുക്കാതെ സേന സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടേ ആക്ഷേപം. എന്നാൽ മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനമില്ലാത്തതിനാലാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് അഗ്നിശമന-രക്ഷാസേന ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Exit mobile version