തൃശ്ശൂര്‍: നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ കല്യാണം നടത്തിക്കൊടുത്ത ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിക്കമ്മറ്റിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തും വിവാഹിതരായി.
ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവര്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. കേരളം ഒന്നാണ്; നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാം – ഈ സുമനസ്സുകള്‍ക്കൊപ്പം.
Discussion about this post