കായംകുളം: ഒരു നാടാകെ കാത്തിരുന്ന വിവാഹത്തിന്റെ ചടങ്ങുകൾക്ക് ശുഭപര്യവസാനമായി. ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളിയുടെ മുറ്റത്ത് ഒരുക്കിയ വിവാഹപന്തലിൽ വെച്ച് അഞ്ജുവിന് ശരത്ത് താലി ചാർത്തി സുമംഗലിയാക്കി. മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായ വിവാഹത്തിന് ചേരാവള്ളിയിലെ നാട്ടുകാരെല്ലാം പങ്കാളികളാകാൻ എത്തിച്ചേർന്നു.
കാപ്പിൽ കിഴക്ക് തെട്ടേ തെക്കടുത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്ത് ശശിയാണ് ഞായറാഴ്ച രാവിലെ 11.30നും 12.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അഞ്ജുവിന് താലി ചാർത്തിയത്. ചേരാവള്ളി ‘അമൃതാഞ്ജലി’യിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകളാണ് അഞ്ജു.
അശോകന്റെ മരണശേഷം താങ്ങ് നഷ്ടപ്പെട്ട് കഷ്ടപ്പാടിലായ ബിന്ദു അയൽവീടുകളിൽ പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ഒടുവിൽ മകളുടെ വിവാഹം നടത്താൻ നിവൃത്തിയില്ലാതെ വന്നതോടെ അയൽക്കാരനും ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ സഹായം തേടുകയായിരുന്നു. ജമാഅത്ത് കമ്മിറ്റി ഒന്നാകെ ചർച്ചചെയ്ത് അഞ്ജുവിന്റെ വിവാഹച്ചെലവ് മാത്രമല്ല പള്ളിയോട് ചേർന്നുതന്നെ പന്തലൊരുക്കാനും തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനായി 3000 പേർക്ക് വിവാഹസദ്യ ഒരുക്കിയതും അഞ്ജുവിന് സ്വർണ്ണാഭരണങ്ങൾ സമ്മാനിച്ചതും ചേരാവള്ളി മുസ്ലിം ജമാഅത്ത് പള്ളി കമ്മിറ്റി തന്നെയാണ്. ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഒത്തുചേർന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുത്തു.
വീട്ടുകാർക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. പൂർണ്ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു പള്ളി മുറ്റത്തെ ഈ നന്മ നിറഞ്ഞ വിവാഹം നടന്നത്.
Discussion about this post