തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ പോയതിനെ വിമർശിച്ച് രംഗത്തെത്തിയ ഗവർണർ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കൂടുതൽ നടപടികളിലേക്ക്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് ഗവർണറെ അറിയിക്കാതെയാണെന്ന വാദത്തിൽ ഗവർണറും സംസ്ഥാന സർക്കാരും അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് സാഹചര്യം രൂക്ഷമാക്കി ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.
തന്നെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചതിനെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് ഗവർണർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പൗരത്വ ബില്ലിനു രാഷ്ട്രപതി അംഗീകാരം നൽകിയ സാഹചര്യത്തിൽ, അതിനെതിരായ സംസ്ഥാന നീക്കം തടയേണ്ടതു ഗവർണറുടെ ചുമതലയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനച്ചട്ടങ്ങൾ (റൂൾസ് ഓഫ് ബിസിനസ്) പ്രകാരം കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതിയിൽ കേസ് നൽകുമ്പോൾ തന്നെ അറിയിക്കേണ്ടതുണ്ടെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ ഭരണഘടന അനുസരിച്ചാണു പ്രവർത്തിച്ചതെന്നും കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നുമാണു സംസ്ഥാന നിയമ മന്ത്രി എകെ ബാലൻ അഭിപ്രായപ്പെട്ടത്.
അതേസമയം, നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു 10 ദിവസം മാത്രം ശേഷിക്കെ അദ്ദേഹവുമായി കടുത്ത ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലേക്കു സർക്കാർ നീങ്ങാനാണ് സാധ്യത.
Discussion about this post