കേരളത്തിൽ മതസൗഹാർദ്ദത്തെ തകർക്കുന്ന ലൗജിഹാദ് ഉണ്ട്; പോലീസിനെ തള്ളി സിറോ മലബാർ സഭയുടെ ഇടയലേഖനം; ബഹിഷ്‌കരിച്ച് അതിരൂപതകൾ

കൊച്ചി: കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അത് മതസൗഹാർദ്ദത്തെ ബാധിക്കുന്നുണ്ടെന്നും ആവർത്തിച്ച് സിറോ മലബാർ സഭ. ഞായറാഴ്ച പള്ളികളിൽ വായിക്കാനായി എത്തിച്ച ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ചിരിക്കുന്നത്. വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ലേഖനത്തിൽ പറയുന്നു.

ലൗ ജിഹാദിനെതിരെ രക്ഷിതാക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും വ്യക്തമാക്കിയ ഇടയലേഖനത്തിൽ ലൗജിഹാദിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. അതേസമയം, സഭയുടെ കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഇടയലേഖനം വായിക്കാതെ വൈദികർ ബഹിഷ്‌കരണം നടത്തി.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അത് വളർന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങൾക്ക് മുമ്പ് ചേർന്ന സിറോ മലബാർ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമെന്ന നിലയിൽ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഈ വാദത്തെ തള്ളി സംസ്ഥാന പോലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു.

സിനഡിന്റെ നിലപാടിനെതിരേ എറണാകുളം-അങ്കമാലി അതിരൂപതയും രംഗത്തെത്തിയിരുന്നു. അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലായിരുന്നു സിനഡിന്റെ നിലപാടിനെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്.

ചിത്രം കടപ്പാട്: ദ ക്വിന്റ്‌

Exit mobile version