ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സംയുക്ത സമരം വേണ്ട എന്ന കെപിസിസി നിലപാടിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പൗരത്വ നിയമത്തിനെതിരെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന് പി ചിദംബരം പറഞ്ഞു.
പ്രാദേശികമായ രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം വിശാലതാല്പര്യം എല്ലാവരും കണക്കിലെടുക്കണമെന്നും ചിദംബരം പറഞ്ഞു. പ്രക്ഷോഭം ആര് നയിക്കുന്നുവെന്ന് നോക്കേണ്ടതില്ല. നിലവിലെ പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ചിദംബരം പറഞ്ഞു.
ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്തത് ചിദംബരം ചൂണ്ടിക്കാട്ടുകയും ചെയ്തു. പൗരത്വ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്നും പി ചിദംബരം കൊല്‍ക്കത്തയില്‍ പറഞ്ഞു.
പൗരത്വ വിഷയത്തിന് എതിരെ നേരത്തെ സര്‍ക്കാരുമായി കോണ്‍ഗ്രസ് സംയുക്ത സമരം നടത്തിയിരുന്നു. എന്നാല്‍ സംയുക്ത സമരത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂപപെട്ടിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന് സംയുക്ത സമരത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചകളിലാണ് സര്‍ക്കാരുമായി യോജിച്ച് സമരം ഉണ്ടാകില്ലെന്ന് അറിയിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ സംയുക്ത സമരം ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. അതിനാല്‍ യോജിച്ച സമരം വേണ്ടെന്നാണ് തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.
Discussion about this post