തൃശ്ശൂർ: മലയാളികളെ വ്യത്യസ്തരാക്കുന്നത് തന്നെ തെന്നിന്ത്യയിലെ ബീഫ് പ്രിയരായ നാട്ടുകാരാണ് എന്നതിനാലാണ്. ഒട്ടേറെ വിവാദങ്ങളും പഴികളും കേട്ടിട്ടും മലയാളിളുടെ കേൾവികേട്ട ബീഫ് പ്രിയം ഒട്ടും കുറഞ്ഞിരുന്നതുമില്ല. കഴിഞ്ഞദിവസം ടൂറിസം പ്രമോഷന്റെ ഭാഗമായി ബീഫ് റോസ്റ്റിന്റെ ചിത്രം പങ്കുവെച്ചതിന് കേരളത്തിനെതിരെ വിവാദങ്ങൾ ഉയരുകയും ചെയ്തു. എന്നാൽ ഇനി ബീഫിനെ ചൊല്ലി വഴക്കുണ്ടാക്കേണ്ട എന്നാണ് പുറത്തുവന്ന സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളികളുടെ ബീഫിനോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാണെന്നാണ് പുതിയ സർവ്വേ ഫലം വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആനിമൽ ഹസ്ബെൻഡറി ആൻഡ് ഡയറിംഗ് (ഡിഎഎച്ച്ഡി) വിഭാഗം നടത്തിയ സർവ്വേയിലാണ് മലയാളികൾ ബീഫിന് പകരം പന്നിയിറച്ചിയെ കൂടുതൽ ഇഷ്ടപ്പെടുന്നെന്ന് പറയുന്നത്. 2017-18 വർഷത്തിൽ 2.57 ലക്ഷം ടൺ ബീഫ് മലയാളി കഴിച്ചിരുന്നെങ്കിൽ 2018-2019 വർഷത്തിൽ 2.49 ലക്ഷം ടൺ ആയി ബീഫിന്റെ ഉപയോഗം കുറഞ്ഞെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ 1.52 ലക്ഷം ടൺ മാംസം കന്നുകാലികളുടേതും 97,051 ടൺ പോത്തിന്റെ മാംസവുമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത് യഥാക്രമം 1.59 ലക്ഷം ടണ്ണും 98,440 ടണ്ണുമായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു കുറവ് സംഭവിച്ചതെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിൽ പന്നിയിറച്ചിയുടെ ഉപയോഗം 6,880 ടണിൽ നിന്ന് 7,110 ടൺ ആയി ഉയർന്നിട്ടുമുണ്ടെന്നത് ശ്രദ്ധേയം.
മറ്റ് മാംസാഹാരങ്ങളായ ചിക്കൻ, മട്ടൻ എന്നിവയോടും മലയാളികൾക്കുള്ള താത്പര്യം താരതമ്യേന താഴോട്ട് പോയെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post