കട്ടപ്പന: അടിമാലിയില്‍ പൂട്ടിയിട്ട കാറില്‍ അവശനിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശി ലൈലാമണിയെ തേടി മകന്‍ എത്തി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ടതോടെയാണ് അടിമാലി പോലീസ് സ്റ്റേഷനില്‍ ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്.
അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ രണ്ട് ദിവസമായി ഉപേക്ഷിച്ച കാറില്‍ വീട്ടമ്മയെ അവശനിലയില്‍ കണ്ടെത്തിയത് പ്രദേശത്തെ ഓട്ടോഡ്രൈവര്‍മാരാണ്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയും കാറില്‍ പരിശോധന നടത്തുകയും ചെയ്തു.
കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പോലീസ് പറയുന്നു. വയനാട് സ്വദേശിനിയായ ലൈലാ മണി(55)യെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നും വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പോലീസ് ഇവരെ ചോദ്യം ചെയ്തു. താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോവുകയായിരുന്നെന്നും, യാത്രയ്ക്കിടയില്‍ കാറില്‍ നിന്ന് ഇറങ്ങി പോയ ഭര്‍ത്താവ് പിന്നെ തിരിച്ച് വന്നില്ലെന്നും വീട്ടമ്മ പോലീസിനോട് പറഞ്ഞു.
വാഹനത്തില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ പോലീസ് വിളിച്ചെങ്കിലും ഫോണ്‍ കട്ടാക്കുകയായിരുന്നു. മാത്യുവിന്റെ നമ്പറാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. മനഃപൂര്‍വ്വം ഇയാള്‍ വീട്ടമ്മയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം മാധ്യമങ്ങളില്‍ ഒന്നടങ്കം പ്രചരിച്ചിരുന്നു. ഇതോടെയാണ് ലൈലാമണിയെ തേടി മകന്‍ എത്തിയത്.