തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിയിൽ പോയ സംസ്ഥാന സർക്കാരും വിമർശിച്ച് രംഗത്തെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള വാക്പോരിൽ വീണ്ടും വഴിത്തിരിവ്. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിചച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം മുഖപത്രം ദേശാഭിമാനി. ശനിയാഴ്ചയിലെ മുഖപ്രസംഗത്തിലാണ് കേരള ഗവർണറുടെ പരാമർശങ്ങൾക്കെതിരെയും നടപടികൾക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്ന്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധമാണ് രാഷ്ട്രീയപ്രസ്താവങ്ങൾ നടത്തിയതെന്ന് ‘ഗവർണറുടെ രാഷ്ട്രീയക്കളി’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരിപ്പിച്ചത് ചട്ടങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ്. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല. സംസ്ഥാനത്തിന്റെ പ്രമേയം നിയമപരമാണെന്നും സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് കഴിയില്ലെന്ന് വിമർശിച്ച മുഖപ്രസംഗം, തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജന ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയും വിമർശനമുന്നയിച്ചു.
എല്ലാ തീരുമാനങ്ങളും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവർണർ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവർണർ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചുപോയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ:
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച് ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത് തന്നോട് ആലോചിക്കാതെയാണെന്ന വിമർശനമാണ് ഗവർണർ പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക് കാത്തുനിൽക്കണം എന്നുമുള്ള കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം.
ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ്. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല.
2016 ജൂലൈ 13ലെ ജഗദീഷ്സിങ് ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന് അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ചാണ് അത് പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല.
Discussion about this post