പത്തനംതിട്ട: പരമ്പരാഗത വേഷം ധരിച്ച മുസ്ലീം ഭക്തര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം നടത്താനെത്തിയ സംഘത്തെ പോലീസ് നടപ്പന്തലില്‍ തടഞ്ഞു. വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പോലീസ് ഇത് കേട്ടില്ല. തുടര്‍ന്ന് സംഘത്തെ പമ്പ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ചിക്‌ബെല്ലാപ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്. ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി വി വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘാംഗങ്ങള്‍. അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്.
വലിയ നടപ്പന്തലില്‍ വെച്ച് ഇന്നലെ പുലര്‍ച്ചയോടെ പോലീസ് ഇവരെ തടയുകയായിരുന്നു. അന്‍സാര്‍ഖാനും നയാജ്ബാഷയും തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും ദര്‍ശനം നടത്താന്‍ പോലീസ് സമ്മതിച്ചില്ല.
സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. ഇതേതുടര്‍ന്ന് മുസ്ലീങ്ങളായ അയ്യപ്പഭക്തര്‍ മാനസിക വിഷമം ഉണ്ടായതിനാല്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനിച്ചു. കര്‍ണാടക പോലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് ജില്ലാ പോലീസ് മേധാവി ഉള്‍പ്പടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മുസ്ലീങ്ങള്‍ക്ക് ദര്‍ശനം നടത്താമെന്ന് അറിയില്ലെന്ന് കേന്ദ്രപോലീസ് പറഞ്ഞു. സംഘത്തിന് ദര്‍ശനം നിടത്താനുള്ള സൗകര്യമൊരുക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു. എന്നാല്‍ പോലീസ് ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞത് വിഷമമുണ്ടാക്കിയെന്നും സന്നിധാനത്തേക്ക് പോകുന്നില്ലെന്നും അന്‍സാര്‍ഖാനും നയാജ്ബാഷയും അറിയിച്ചു. ഇവര്‍ പമ്പയില്‍ തങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ ദര്‍ശനം നടത്തി.
Discussion about this post