തൃശ്ശൂർ: സ്വന്തമായി എഴുതിയുണ്ടാക്കിയ തിരക്കഥ രജിസ്റ്റർ ചെയ്യാനും അത് സിനിമയാക്കാനായി ഒരു നിർമ്മാതാവിനേയും സംവിധായകനേയും കണ്ടെത്താനും വീട്ടിൽ നിന്നിറങ്ങിയ എഴുത്തുകാരനും നാടകകൃത്തുമായ അബ്ദുൾ നൗഷാദ് കണ്ണൂർ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കണ്ണീരോടെ ഈ ദുരൂഹമായ തിരോധാനത്തിന്റെ കഥ പറയുകയാണ് നൗഷാദ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന മൂന്ന് സഹോദരിമാർ. മൂന്ന് വർഷം മുമ്പ് തീവണ്ടിയിൽ കയറി കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടതായിരുന്നു നൗഷാദ്. പിന്നീട് ഒരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. ഇതോടെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കയറി ഇറങ്ങി അന്വേഷണം നടത്തുകയാണ് ഇവർ.
2017 ജൂലായിൽ കണ്ണൂരിലെ വീട്ടിൽനിന്നാണ് നൗഷാദ് പോയത്. തിരക്കഥയുമായി പുറപ്പെട്ട ആങ്ങളയെത്തേടി ഫൗസിയയും സുനിതയും ഷെമിയും തന്നെയാണ് അലയുന്നത്. പോലീസിൽ പരാതിപ്പെട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇനി പരാതി കൊടുക്കാൻ ഒരിടവും ബാക്കിയുമില്ല. നൗഷാദ് ഇവർക്ക് ആങ്ങളമാത്രമല്ല, ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴു സഹോദരങ്ങൾ മാത്രമായ കുടുംബത്തിന് ബാപ്പയും ഉമ്മയുമെല്ലാം മൂത്ത സഹോദരനായ നൗഷാദായിരുന്നു. മൂന്നു സഹോദരിമാരെയും വിവാഹം കഴിച്ചയച്ചതും നൗഷാദാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ രക്ഷിതാവായ ആങ്ങളയെ കണ്ടെത്തുംവരെഅലയുകയാണിവർ.
എഴുത്തുകാരനായ നൗഷാദ് കണ്ണൂർ നാറാത്തെ വീട്ടിൽനിന്നും താജ്മഹൽ എന്ന സമ്പൂർണ തിരക്കഥയുമായാണ് ഇറങ്ങിയത്. സിനിമക്കായി നിർമ്മാതാവിനെയും സംവിധായകനെയും കണ്ടെത്തിയ ശേഷം തിരക്കഥ രജിസ്റ്റർ ചെയ്യലായിരുന്നു ലക്ഷ്യം. പത്തിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ ഒന്നാമനായിരുന്നു. പ്രീഡിഗ്രിക്കാലത്ത് ഒട്ടേറെ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീടാണ് തിരക്കഥയിലേക്കു കടന്നത്. എഴുതിയ തിരക്കഥകൾ പലരെയും കാണിക്കുകയും അവയൊക്കെ പിന്നീട് മറ്റുപലരുടെയും പേരിൽ സിനിമകളായതോടെയാണ് താജ്മഹൽ രജിസ്റ്റർ ചെയ്യാൻ തന്നെ തീരുമാനിച്ചത്. കാണാതാവുമ്പോൾ നൗഷാദിന് പ്രായം 40 ആയിരുന്നു.
ഇദ്ദേഹത്തെ മംഗളൂരു മുതൽ കേരളത്തിലുടനീളവും അന്വേഷിച്ച് കന്യാകുമാരിവരെ സഹോദരിമാർ തേടി. തമിഴ്നാട്ടിലെ മധുരയിലും ഏർവാടിയിലുമൊക്കെ പോയി അന്വേഷിച്ചു. ഇപ്പോഴും അന്വേഷണത്തിലാണ്. മൂന്ന് റെയിൽവേ സ്റ്റേഷനുകളിലായാണ് ഓരോ ദിവസത്തെയും അന്വേഷണം. വെള്ളിയാഴ്ച ഷെമി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു. സുനിത കാസർകോട്ടും ഫൗസിയ ആലുവയിലും. ശനിയാഴ്ച ഇത് അടുത്ത സ്റ്റേഷനിലേക്കു മാറും. കണ്ടെത്തുംവരെ വിശ്രമമില്ല. മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ വിഷയം അവതരിപ്പിച്ചത് കണ്ട് അവസാന വിളി വന്നത് ഡിസംബർ 14-നായിരുന്നു. തിരുവനന്തപുരത്തേക്കു പോകുന്ന മാവേലി എക്സ്പ്രസ് തീവണ്ടിയിൽ നൗഷാദിനെപ്പോലൊരാൾ കിടക്കുന്നുവെന്നാണ് വിളിച്ചറിയിച്ചത്. ഫോട്ടോയുമിട്ടിരുന്നു. കായംകുളത്ത് തീവണ്ടി എത്തിയപ്പോൾ പരശോധിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.
റെയിൽവേ സ്റ്റേഷനുകൾ തോറും കാണ്മാനില്ല എന്ന നോട്ടീസ് ഇവർ പതിക്കുകയും പ്രാർത്ഥനയുമാണ് ഇനിയും ഇവരുടെ മുന്നിൽ അവശേഷിക്കുന്ന പോംവഴി. നൗഷാദ് ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചെത്താനായി കാത്തിരിക്കുകയാണ് ഈ സഹോദരിമാരും നൗഷാദിനെ സ്നേഹിക്കുന്നവരും.
Discussion about this post