ചെന്നൈ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി കനിമൊഴി എംപി. ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എംഇഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൗരത്വ നിയമത്തിനെതിരായ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കനിമൊഴി അഭിനന്ദിക്കുകയും ചെയ്തു.
ബിജെപിയുടെ നിഴലായാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ദ്രാവിഡ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് എഐഡിഎംകെയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കനിമൊഴി പറഞ്ഞു. ഇന്ത്യയെ ഹിന്ദു-ഹിന്ദി രാജ്യമാക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും കനിമൊഴി വ്യക്തമാക്കി.
ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍എസ്എസിന്റെ ശത്രുക്കളാണ്, അത് മുസ്ലിംകളെ മാത്രമല്ല, ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും സ്വന്തം പേരില്‍ ഭൂമിയില്ല. അതുകൊണ്ട് തന്നെ പൗരത്വ രജിസ്റ്റര്‍ ഏറെ ബാധിക്കുക സ്ത്രീകളെയാണെന്നും കനിമൊഴി പറഞ്ഞു.