ചാലക്കുടി : നാല് വര്‍ഷം മുമ്പ് കാണാതായ സ്വര്‍ണ്ണമാല വിറ്റ വാഷിങ് മെഷീനുള്ളില്‍ കണ്ടെത്തി. സ്വര്‍ണ്ണമാല കിട്ടിയ സര്‍വ്വീസ് സെന്റര്‍ ജീവനക്കാരന് മാല ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ചു. കൊരട്ടി കാതിക്കുടം ജംഗ്ഷനിലുള്ള കൂള്‍ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂര്‍ സ്വദേശി അനില്‍ തോമസാണ് വാഷിങ് മെഷീന് ഉടമയെ കണ്ടെത്തി സ്വര്‍ണ്ണമാല ഏല്പിച്ചത്.
ചെറുവാളൂര്‍ ശ്രീവിലാസത്തില്‍ അജിത് കുമാറിന്റെതായിരുന്നു മാല. നാലുവര്‍ഷം മുന്‍പാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയിരുന്നില്ല. അതിനിടെയാണ് വീട്ടിലെ കാലപ്പഴക്കം ചെന്ന വാഷിങ് മെഷീന് ഇരുവരും വിറ്റത്.
വാഷിങ് മെഷീന് പരിശോധിക്കുന്നതിനിടെ അനില്‍ മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. മൂന്നു പവന് തൂക്കം വരുന്നതാണ് മാല. സ്വര്‍ണ്ണമാല കിട്ടിയതോടെ അനില്‍ തോമസ് ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി കൈമാറുകയായിരുന്നു.ജീവനക്കാരന്റെ സത്യസന്ധതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Discussion about this post